തിരുവനന്തപുരം: പിൽഗ്രിം ടൂറിസത്തിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് തീർത്ഥാടന സർക്യൂട്ട് നടപ്പാക്കാൻ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു.
കൊവിഡിൽ തളർന്ന ടൂറിസം മേഖലയെ കൈപിടിച്ചുയർത്താനും വിദേശ സഞ്ചാരികളെ അകർഷിക്കാനുമാണ് ടൂറിസം - ദേവസ്വം വകുപ്പുകൾ കൈകോർക്കുന്നത്. ആരാധനാലയങ്ങളെയും സാംസ്കാരിക സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയുള്ള ബൃഹദ് പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ ടൂറിസത്തിന്റെ നല്ലൊരു ശതമാനവും ആത്മീയ ടൂറിസമാണ്. അതിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻതൂക്കം നൽകിയാകും പദ്ധതിയുടെ രൂപ രേഖ തയാറാക്കുക. പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ, മലയാറ്റൂർ പള്ളി,ചേരമാൻ ജുമാ മസ്ജിദ്,ശബരിമല എന്നീ തീർത്ഥാടന കേന്ദ്രങ്ങൾക്കായിരിക്കും ആദ്യഘട്ടത്തിൽ മുൻഗണന.
സീസണ് മുമ്പ് ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകളുടേയും അറ്റകുറ്റപ്പണികളും ടാറിങ്ങും തീർക്കാനും വാട്ടർ അതോറിറ്റിയുടെ സീതത്തോട് പദ്ധതി അടിയന്തരമായി പൂർത്തിയാക്കാനും തീർത്ഥാടനത്തിന് കൊവിഡ് മാനദണ്ഡ പ്രകാരം കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസുകൾ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, വകുപ്പു സെക്രട്ടറിമാരായ ജ്യോതിലാൽ, ബിജുപ്രഭാകർ , റാണി ജോർജ് , ആനന്ദ് സിംഗ് , ബി.എസ് പ്രകാശ്, ചീഫ് എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.