തിരുവനന്തപുരം: അഞ്ച് വർഷം വരെ സർവീസ് കാലയളവ് ശേഷിക്കാത്ത ഉദ്യോഗസ്ഥരെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കേണ്ടെന്ന നിർദ്ദേശം കർശനമാക്കി സി.പി.എം. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ മന്ത്രിമാരുടെ ഓഫീസുകളിലേക്ക് കൈമാറിയ മൂന്ന് പേരെ ഒഴിവാക്കാൻ പാർട്ടി നിർദ്ദേശിച്ചു.
ആദ്യ പരിഗണനയിൽ അംഗീകരിച്ച പേരുകളാണ് സൂക്ഷ്മപരിശോധനയിൽ സി.പി.എം നേതൃത്വം ഇടപെട്ട് ഒഴിവാക്കാൻ നിർദ്ദേശിച്ചത്. മന്ത്രി വി. ശിവൻകുട്ടിയുടെ സ്റ്റാഫിലേക്ക് നിയോഗിച്ച വി. ഹരികുമാർ, മീനാംബിക, മന്ത്രി വി.എൻ. വാസവന്റെ സ്റ്റാഫിലെ പി.വി. പ്രകാശ് എന്നിവരെയാണ് ഒഴിവാക്കിയത്. ഇവരെ നിയമിച്ച് ഉത്തരവിറങ്ങിയ ശേഷമാണ് തിരുത്ത്. 51 വയസ് കഴിഞ്ഞ് 52ലേക്ക് കടന്നതാണ് ഇവർക്ക് തടസമായത്. 56 വയസിൽ വിരമിക്കുന്നതിനാൽ അഞ്ച് വർഷം ഇവർക്ക് തികച്ച് കിട്ടില്ലെന്നതിനാലാണ് മാറ്റിയത്.