തിരുവനന്തപുരം: കെ.എം. മാണിയുടെ കാര്യത്തിലുള്ള ഇടതുമുന്നണിയുടെ നിലപാടിൽ കേരളകോൺഗ്രസിനും ജോസ് കെ. മാണിക്കും വിശ്വാസമുണ്ടെന്ന് മന്ത്രി വാസവൻ പറഞ്ഞു.
പത്രപ്രവർത്തകയൂണിയന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് കെ.എം. മാണിയെ ഇടതുമുന്നണി കുറ്റപ്പെടുത്തിയെന്ന യു.ഡി.എഫ് ആക്ഷേപം അടിസ്ഥാനരഹിതമാണ്.
മാണിയെ വ്യക്തിപരമായി കേന്ദ്രീകരിച്ചായിരുന്നില്ല സമരം നടത്തിയതെന്നും യു.ഡി.എഫിന്റെ അഴിമതി തുറന്ന് കാണിക്കാനായിരുന്നുവെന്നും ഇടതുമുന്നണി കൺവീനർ വ്യക്തമാക്കിയിട്ടുണ്ട്. മാണിയുടെ പേര് ഒരുഘട്ടത്തിലും സുപ്രീം കോടതിയിൽ ഉപയോഗിച്ചിട്ടില്ല. ക്വിക്ക് വേരിഫിക്കേഷൻ നടത്താനുള്ള അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉത്തരവാണ് മാണിയെ ആരോപണവിധേയനാക്കിയത്.
ഇടതുമുന്നണി വിട്ടുപോയ മാണി സി. കാപ്പൻ രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയത്. യു.ഡി.എഫുമായി രഹസ്യധാരണയുണ്ടാക്കിയാണ് കാപ്പൻ ഇടതുമുന്നണിയുമായി വിലപേശിയതെന്നും വാസവൻ പറഞ്ഞു.