തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ്, പരീക്ഷ എന്നിവ ഉൾപ്പെടെയുള്ളവയ്ക്ക് ഡിജിറ്റൽ സാങ്കേതിക സംവിധാനമൊരുക്കാൻ 'ലെറ്റ്സ് ഗോ ഡിജിറ്റൽ" പദ്ധതി നൂറുദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിജിറ്റൽ സർവകലാശാല, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക സർവകലാശാല എന്നീ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്കായി ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമായ മൂഡ്ൽ ഉപയോഗിച്ചുള്ള സംവിധാനം വികസിപ്പിക്കും. ഇതിനായി ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെ കേന്ദ്രീകൃത ക്ലൗഡ് സ്‌പേസ് ഒരുക്കും. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇതിന്റെ ഉപയോഗത്തിന് വേണ്ട പരിശീലനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആരംഭിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച അദ്ധ്യാപകരെ കോളേജുകളിൽ സാങ്കേതിക വിദഗ്ദ്ധരായി ഉപയോഗിക്കും. കോൾ നെറ്റ് ശൃംഖലവഴി സർവകലാശാലാ ലൈബ്രറികളെ പൂർണമായി ഏകോപിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.