തിരുവനന്തപുരം: സഹകരണ മേഖലയിലെയും ബാങ്കുകളിലെയും തട്ടിപ്പ് തടയാൻ സഹകരണ നിയമത്തിൽ പുതിയ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സംസ്ഥാന പത്രപ്രവർത്തകയൂണിയൻ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ പൊലീസ് ഇടപെടലുണ്ടാക്കാനും വിജിലൻസ് സംവിധാനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് നിയമഭേദഗതി. സഹകരണമേഖലയിലെ എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തിയാകും ഇത് നടപ്പിലാക്കുക. സർവകക്ഷിയോഗത്തിലും നിയമഭേദഗതി അവതരിപ്പിക്കും.
നെല്ല് സംഭരണത്തിൽ കർഷകരെ സഹായിക്കാനും അരിയുത്പാദനത്തിന് മില്ലുകൾ സ്ഥാപിക്കാനും പുതിയ സഹകരണസംഘങ്ങൾ സ്ഥാപിക്കും. കലാകാരൻമാരെ സഹായിക്കാനും പുതിയ സഹകരണ സംരംഭങ്ങൾ തുടങ്ങും. യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ 25 സഹകരണ സ്റ്റാർട്ടപ്പുകൾക്ക് തുടങ്ങി.
വീട്ടമ്മമാരെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ പാലക്കാട്ടാരംഭിച്ച 'മുറ്റത്തെ മുല്ല" പരിപാടി സംസ്ഥാനത്ത് വ്യാപിപ്പിക്കും. ഒാൺലൈൻ വിദ്യാഭ്യാസത്തിന് ഇൗടില്ലാതെ പതിനായിരം രൂപ വായ്പ നൽകുന്ന പദ്ധതി സുതാര്യമാക്കും.
സർവകക്ഷിയോഗം വിളിക്കും
കേന്ദ്രസർക്കാരിന്റെ ബാങ്കിംഗ് നിയമഭേദഗതി സംസ്ഥാനത്തെ സഹകരണമേഖലകളെയും ബാധിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ യോജിച്ച നീക്കം നടത്താനും സർവകക്ഷിപ്രതിനിധി സംഘത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനുമായി ഉടൻ സർവകക്ഷിയോഗം വിളിക്കും. റിസർവ് ബാങ്കിന്റെ ലൈസൻസെടുക്കാത്ത സഹകരണസ്ഥാപനങ്ങൾക്ക് ബാങ്ക് എന്ന പേരുപയോഗിക്കാനോ,ചെക്ക് നൽകാനോ കഴിയാത്ത സാഹചര്യമുണ്ട്. കാർഷിക സഹകരണബാങ്ക്, ഗ്രാമവികസന ബാങ്ക്, പ്രാഥമിക സഹകരണബാങ്ക് എന്നിവയ്ക്ക് ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നും വാസവൻ പറഞ്ഞു.