തിരുവനന്തപുരം: പക്ഷികളെയും മൃഗങ്ങളെയും സ്നേഹിച്ച സന്യാസിവരനായിരുന്നു സ്വാമി പ്രകാശാനന്ദ. ആഹാരത്തിൻെറ ഒരു ഭാഗം മാറ്റിവച്ചിട്ടേ സ്വാമി കഴിക്കുമായിരുന്നുള്ളൂ. ആ ഒരുഭാഗം പൂച്ചയ്ക്കും നായ്ക്കൾക്കും കാക്കയ്ക്കും പ്രാവിനും വേണ്ടിയായിരുന്നു. പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ തെറ്റാതെ അവസാനം കാലം വരെ നില നിന്നു ആ ശീലം. സ്വാമി ആഹാരത്തിനായി എത്തുമ്പോൾ പക്ഷികൾ ചിലച്ചെത്തും. പൂച്ചകൾ കരഞ്ഞും നായ്ക്കൾ വാലാട്ടിയും എത്തിയിരുന്നത് ശിവഗിരി കുന്നുകളിലെ കാഴ്ചയായിരുന്നു.

കന്നുകാലികൾ കുടുംബത്തിൻെറ എല്ലാമാണെന്ന് കരുതി വളർന്ന കുമാരനെന്ന ബാലൻ സന്യാസ ജീവിതത്തിലേക്ക് കടന്നപ്പോഴും പശുക്കളെ മറന്നില്ല. ശിവഗിരിയിലെത്തി കുന്നുംപാറ ക്ഷേത്രകാര്യങ്ങളിൽ ഇടപെട്ട് കഴിഞ്ഞിരുന്നപ്പോഴും ഗോക്കളെ മേച്ചും വളർത്തിയും നിന്നു. അക്കാലത്ത് സ്വാമിയുടെ തലയിൽ നിറയെ മുടിയുണ്ടായിരുന്നു. സ്ത്രീകളെപ്പോലെ കേശം നീട്ടി വളർത്തിയായിരുന്നു സ്വാമിയു‌ടെ സന്യാസ ജീവിതത്തിൻെറ തുടക്കം. ഒരിക്കൽ പശുക്കളെ മേയ്ക്കുന്നതിനിടെ ഒന്നു മയങ്ങി. ഉണർന്നപ്പോൾ ഒരു പശു മു‌ടിയിൽ നക്കുന്നത് കണ്ടു. തനിക്ക് മുടി വേണ്ടെന്ന സന്ദേശം പശുക്കൾ നൽകിയെന്ന് തോന്നിയ പ്രകാശാനന്ദ എന്നെന്നേക്കുമായി മുടി മുറിച്ചു.