കാട്ടാക്കട: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹർഷാദിന്റെ കുടുംബത്തിനുള്ള അടിയന്തര സഹായം ഉൾപ്പടെ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ഇന്നലെ വൈകിട്ടോടെ ഹർഷാദിന്റെ കാട്ടാക്കടയിലെ വാടക വീട്ടിൽ എത്തിയ മന്ത്രി ഹർഷാദിന്റെ ഉമ്മ ആയിഷ, ഭാര്യ ഷീജ, മകൻ അഭിൻ എന്നിവരെ കണ്ടശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയിരുന്നു. അപകടം സംഭവിച്ചു നിരാലംബരായ കുടുംബത്തെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
കുട്ടിയുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ ജീവിത ഉപാധി, സ്വന്തമായി വീട് തുടങ്ങി എല്ലാകാര്യങ്ങൾക്കും പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. മ്യൂസിയം ഡയറക്ടർ അബു, ജില്ലാ പഞ്ചായത്തംഗം രാധിക, ഐ.എൻ.എൽ അരുവിക്കര മണ്ഡലം പ്രസിഡന്റ് നസീർ തൊളിക്കോട്, മണ്ഡലം സെക്രട്ടറി റാഫി പോങ്ങുംമൂട് തുടങ്ങിയവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു.
ക്യാപ്ഷൻ: കാട്ടാക്കടയിലെ വാടക വീട്ടിലെത്തി മന്ത്രി അഹമ്മദ് ദേവർ കോവിൽ ഹർഷാദിന്റെ കുടുംബാംഗങ്ങളെ കാണുന്നു