sabarimala
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വനം വകുപ്പുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെട്ടതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല റോപ് വേ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾക്ക് വൈകാതെ തുടക്കമാകും. പദ്ധതിക്കായി വനം വകുപ്പിന്റെ ക്ലിയറൻസ് ഉടൻ ലഭിക്കുമെന്നാണ് സൂചന. പദ്ധതി ത്വരിതപ്പെടുത്താൻ ദേവസ്വം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വനംവകുപ്പ് മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ ധാരണയായി.

പെർഫാക്ടോ എൻവൈറോ സൊല്യൂഷൻ എന്ന കമ്പനി പരിസ്ഥിതി പഠനം നടത്തി റിപ്പോർട്ട് വനംവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഹിൽടോപ്പ് കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം മുതൽ സന്നിധാനം പൊലീസ് ബാരക്കിന് സമീപം വരെയാണ് ചരക്ക് നീക്കത്തിനായി റോപ്‌ വേ സ്ഥാപിക്കുന്നത്. എയിറ്റീന്ത് സ്റ്റെപ്പ് ദാമോദർ കേബിൾ കാർ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. സ്ഥലത്തെ മണ്ണ് പരിശോധന ഉടൻ തുടങ്ങും.

2.7 കിലോമീറ്റർ ദൂരത്തിൽ 19 തൂണുകളാണ് റോപ്‌ വേയ്ക്കായി നിർമ്മിക്കുക. 50 കോടിയാണ് ചെലവ്. 250 മരങ്ങൾ മുറിക്കേണ്ടിവരും. മുറിക്കുന്ന മരങ്ങൾക്ക് പകരമായി വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഒന്നിന് പത്ത് എന്ന തരത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുമെന്ന് കമ്പനി പ്രതിനിധികൾ നേരത്തെ അറിയിച്ചിട്ടുണ്ട്. ആനത്താര, മൃഗങ്ങൾ അധികമായി വരുന്ന സ്ഥലങ്ങൾ എന്നിവ സംരക്ഷിച്ചാവും റോപ്‌ വേയുടെ നിർമ്മാണം.

കോർപ്പറേറ്റ് എൻവയേൺമെന്റ് റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി രണ്ട് ശതമാനം തുക ഉപയോഗിച്ച് അട്ടത്തോട്ടിൽ കുടിവെള്ള പദ്ധതി നടപ്പാക്കും. ആദിവാസി യുവാക്കൾക്ക് പരിശീലനം നൽകി ഓപ്പറേറ്റർ ജോലി നൽകും.