നെടുമങ്ങാട്: നാടൻ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം നാട്ടുകാരെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ സംഘത്തെ പിടികൂടുന്നതിനിടെ എസ്.ഐയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെ മിനിട്ടുകൾക്കുള്ളിൽ ഒളിത്താവളത്തിൽ നിന്ന് നെടുമങ്ങാട് പൊലീസ് പിടികൂടി. പ്രിൻസിപ്പൽ എസ്.ഐ സുനിൽ ഗോപിക്കാണ് പരിക്കേറ്റത്. ഇടതുകൈമുട്ടിന് പൊട്ടലുണ്ടായ എസ്.ഐയെ പൊലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുല്ലശേരി നെയ്യപ്പള്ളി തെക്കുംകര പുത്തൻവീട്ടിൽ വി.ഷൈജു (36),​ തൊളിക്കോട് മുളയടി ആറ്റരികത്ത് വീട്ടിൽ ആർ.രാഹുൽ (26), ഇരുമ്പ കുറങ്ങോട് തടത്തരികത്ത് വീട്ടിൽ ആദർശ് എന്ന ജെ. സുധി (23), കരുപ്പൂര് കൊറളിയോട് താളിക്കമുകൾ അരുൺ ഭവനിൽ ആർ. ജിനുരാജ് (26), കരകുളം കൂട്ടപ്പാറ ചരുവിള പുത്തൻ വീട്ടിൽ എസ്. അനന്ദു (26) എന്നിവരാണ് അറസ്റ്റിലായത്.

കരകുളം മുല്ലശേരി തോപ്പിൽ കോളനി ഭാഗത്ത് കഴിഞ്ഞദിവസം വൈകിട്ട് ഏഴരയോടെയാണ് സാഹസിക രംഗങ്ങൾ അരങ്ങേറിയത്. മുല്ലശേരി സ്വദേശി സോണിയയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് ബിജുമോനെയും അയൽവാസി ഹരിപ്രസാദിനെയും വെട്ടിക്കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും സ്ഥലത്ത് നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതികളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ ഇവർ മർദ്ദിച്ച് വീഴ്‌ത്തുകയായിരുന്നു. ഷൈജുവും രാഹുലും ചേർന്ന് എസ്.ഐയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എസ്.ഐയും കൂടെയുള്ള പൊലീസുകാരും ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. രക്ഷപ്പെട്ട മൂന്നുപേരെയും നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാറും സ്റ്റേഷൻ ഓഫീസർ രാജേഷ്‌കുമാറും നേരിട്ടെത്തി ഒളിസങ്കേതത്തിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു.