yulia-peresild

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ നടന്ന ശീതയുദ്ധ കാലയളവിന് ചരിത്രത്തിൽ ഏറെ പ്രാധാന്യമാണുള്ളത്. സ്‌പു‌ട്‌നിക് ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം മുതൽ ഇപ്പോൾ കൊവിഡ് വാക്‌സിന്റെ കണ്ടുപിടുത്തത്തിലും റഷ്യയും അമേരിക്കയും തമ്മിലുള്ള മത്സരം പ്രകടമാണ്. ശീതയുദ്ധത്തിൽ അമേരിക്കയെ തോൽപ്പിച്ച് ബഹിരാകാശത്തേക്ക് വിജയകരമായി അയച്ച ആദ്യ പേടകമായ സ്‌പുട്‌നികിന്റെ പേര് തന്നെയാണ് ലോകത്തെ ആദ്യ കൊവിഡ് വാക്‌സിനായ മോസ്കോ ഗമേലയാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വാക്‌സിന് റഷ്യ നൽകിയതും; ' സ്‌പുട്‌നിക് V '. !

ഇപ്പോഴിതാ, വീണ്ടും ബഹിരാകാശ രംഗത്ത് അമേരിക്കയെ കടത്തിവെട്ടാനുള്ള നീക്കത്തിലാണ് റഷ്യ. ബഹിരാകാശത്ത് ചിത്രീകരിക്കാൻ പോകുന്ന ആദ്യ സിനിമയെന്ന റെക്കോർഡ് സ്വന്തമാക്കാനാണ് ഇരുരാജ്യങ്ങളുടെയും പോര്. ഭൂമിയിൽ സിനിമ ഷൂട്ട് ചെയ്യുന്ന പോലെയല്ല ബഹിരാകാശത്തെ കാര്യമെന്ന് നമുക്ക് അറിയാം. അതിസങ്കീർണായ ഈ ദൗത്യം നടപ്പാക്കാൻ പോകുന്ന കാര്യം ആദ്യം പുറത്തുവിട്ടത് അമേരിക്കയായിരുന്നു.

ഹോളിവുഡ് ആക്ഷൻ സൂപ്പ‌ർതാരം ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനൊരുങ്ങുന്ന വിവരം കഴിഞ്ഞ വർഷം മേയിൽ നാസ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (International Space Station ) വച്ചാണ് ഡഗ് ലിമാൻ സംവിധാനം ചെയ്യുന്ന ടോം ക്രൂസിന്റെ സിനിമയുടെ ചിത്രീകരണം നടക്കുകയെന്ന് നാസ വ്യക്തമാക്കിയിരുന്നു. ചരിത്രത്തിലാദ്യമായി ബഹിരാകാശത്ത് ചിത്രീകരണം നടക്കാൻ പോകുന്ന സിനിമയ്ക്ക് വേണ്ടി ഭൂമിയിൽ നിന്നും 250 മൈൽ അകലെയുള്ള ബഹിരാകാശ നിലയത്തിൽ ടോം ക്രൂസ് തങ്ങുമെന്ന് നാസ അറിയിച്ചിരുന്നു.

ഭൂമിയ്ക്ക് പുറത്ത് അഭിനയിക്കുന്ന ആദ്യ അഭിനേതാവ് എന്ന ചരിത്രനേട്ടത്തിന്റെ വക്കിലായിരുന്നു ടോം ക്രൂസ്. ബഹിരാകാശത്ത് തങ്ങുന്നതിനാവശ്യമായ രണ്ട് വർഷത്തോളം നീണ്ട പരിശീലനം ടോം ക്രൂസിന് നൽകുമെന്നും ഇതിന് ശേഷമാകും ചിത്രീകരണം നടക്കുക എന്നുമായിരുന്നു ആദ്യം ലഭ്യമായ വിവരം. അതേ സമയം, ചിത്രീകരണം എന്ന് തുടങ്ങുമെന്നോ ടോം ക്രൂസിന്റെ യാത്ര എങ്ങനെയായിരിക്കമെന്നോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്നതാകും ചിത്രമെന്ന് സൂചന നൽകിയിരുന്നു.

2000 മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ബഹിരാകാശ യാത്രികർ താമസിക്കുന്നുണ്ട്. എന്നാൽ, 2011 മുതൽ മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുകയും മടക്കിക്കൊണ്ടു വരികയും ചെയ്യുന്ന ഏക രാജ്യം റഷ്യയായിരുന്നു. അമേരിക്കയ്ക്ക് വേണ്ടി ഇലോൺ മസ്‌കിന്റെ സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ 2020ൽ ബഹിരാകാശ സഞ്ചാരികളുമായി വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയതോടെ സ്പേസ് എക്‌സ് തന്നെയാണ് ടോം ക്രൂസിനെ ബഹിരാകാശത്തേക്കെത്തിക്കുകയെന്ന് ഉറപ്പിച്ചിരുന്നു.

എന്നാൽ, ടോം ക്രൂസിന്റെയും ഇലോൺ മസ്‌കിന്റെയും പദ്ധതിയെ മറികടന്ന് അതിന് മുമ്പ് ബഹിരാകാശത്ത് സിനിമാ ഷൂട്ടിംഗിനൊരുങ്ങുകയാണ് റഷ്യ. റഷ്യയിലെ മികച്ച നടിമാരിൽ ഒരാളായ യൂലിയ പെരെസിൽഡിനെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വരുന്ന ഒക്ടോബർ അഞ്ചിന് യൂലിയയേയും വഹിച്ച് റഷ്യൻ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കും. സിനിമയുടെ സംവിധായകൻ ക്ലിം ഷിപ്പെൻകോയും യാത്രയിൽ പങ്കാളിയാണ്. കസഖിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന റഷ്യയുടെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് സിനിമാ പ്രവർത്തകരെയും വഹിച്ചുള്ള സോയൂസ് പേടകത്തിന്റെ വിക്ഷേപണം.

' ദ കോൾ " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പദ്ധതികൾ നാസയുടെ സിനിമാ പ്രഖ്യാപനത്തിന് പിന്നാലെ 2020 സെപ്റ്റംബറിൽ തന്നെ റഷ്യ തയാറാക്കിയിരുന്നു. എന്നാൽ, സൂഷ്‌മവും രഹസ്യവുമായിരുന്നു എല്ലാ നീക്കങ്ങളും. ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ഡോക്‌ടറുടെ വേഷമാണ് 36കാരിയായ യൂലിയ ചെയ്യുന്നതെന്നാണ് റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അടുത്ത ബന്ധമുള്ളവരുടെയും പങ്കാളിത്തമുള്ള സിനിമ ബിഗ് ബ‌ഡ്‌ജറ്റ് ആണെങ്കിലും ചെലവ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

റഷ്യയിലെ റോസ്കോസ്മോസ് സ്പേസ് ഏജൻസിയുടെ തലവനായ ഡിമിട്രി റൊഗോസിനും ചിത്രത്തിലെത്തുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. മോസ്കോയ്ക്ക് സമീപമുള്ള യൂറി ഗഗാറിൻ കോസ്മോനട്ട് ട്രെയിംനിംഗ് സെന്ററിൽ കടുത്ത പരിശീലനത്തിലാണ് യൂലിയ ഇപ്പോൾ. സംവിധായകൻ മുതൽ ക്യാമറമാൻ വരെയുള്ള ക്രൂ അംഗങ്ങൾക്കും പരിശീലനമുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഒക്ടോബർ 17ന് ഭൂമിയിലേക്ക് തിരിച്ചെത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

1950കളിലാണ് സോവിയറ്റും അമേരിക്കയും ബഹിരാകാശ ഗവേഷണ രംഗത്ത് പര‌സ്‌പരം പോരാട്ടം തുടങ്ങിയത്. ലോകത്തെ ആദ്യ കൃത്രിമോപഗ്രഹമായ ‌സ്‌പുട്‌നിക് 1, 1957 ഒക്ടോബറിൽ വിക്ഷേപിച്ചതോടെ അമേരിക്കയെക്കാൾ ഒരുപടി മുന്നിൽ സോവിയറ്റ് എത്തി. മാനവരാശിയെ അത്ഭുതപ്പെടുത്തിയ ഒട്ടേറെ കണ്ടുപിടുത്തങ്ങളിലേക്കാണ് ഇരുരാജ്യങ്ങളുടെയും തുറന്ന പോര് വഴിവച്ചത്.

1957ൽ ബഹിരാകാശത്തെത്തിയ ആദ്യ ജീവിയായ ലെ‌യ്‌ക എന്ന നായയുമായി സോവിയറ്റ് യൂണിയന്റെ ' സ്‌പുട്‌നിക് 2 ' വും വിക്ഷേപിക്കപ്പെട്ടു. 1959ൽ ചാന്ദ്ര പര്യവേഷണവുമായി സോവിയറ്റിന്റെ ലൂണ1, ലൂണ 2 എന്നിവ കുതിച്ചുയർന്നു. 1961 ൽ ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനും 1963ൽ ബഹിരാകാശത്തെത്തുന്ന ആദ്യ വനിതയായ വാലന്റീന തെരഷ്കോവും സോവിയറ്റ് മണ്ണിൽ നിന്നാണ് വിണ്ണിലേക്ക് കുതിച്ചുയർന്നത്. ഇപ്പോഴിതാ ആ കാലഘട്ടത്തെ സ്‌മരിപ്പിക്കുകയാണ് സിനിമാ ചിത്രീകരണത്തിന്റെ പേരിൽ ഇരുരാജ്യങ്ങളും.