1

പോത്തൻകോട്: ചേങ്കോട്ടുകോണം ജംഗ്ഷന് സമീപം അനുഭവനിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവിനെ കഴിഞ്ഞ ദിവസം രാത്രി രണ്ടംഗസംഘം വീടുകയറി മർദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വീടിനുമുന്നിൽ പാർക്ക് ചെയ്‌തിരുന്ന കാർ ഉൾപ്പെടെ അക്രമികൾ അടിച്ചുതകർത്തിരുന്നു.

പുനലൂർ സ്വദേശിയായ വിപിനാണ് പരിക്കേറ്റത്. അയൽവാസികൾക്കും വഴിയാത്രക്കാർക്കും നേരെയും ആക്രമണമുണ്ടായി. വിപിൻ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ച് അകത്തുകയറി മർദ്ദിക്കുകയായിരുന്നു. പൊലീസെത്തിയതോടെ രക്ഷപ്പെട്ട മൂന്നംഗ സംഘത്തെ മടവൂർപാറയ്ക്ക് സമീപത്തുവച്ച് മറ്റൊരു സംഘം വളഞ്ഞിട്ട് മർദ്ദിച്ചു. പരിക്കേറ്റ മൂന്നംഗ സംഘത്തെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

കഞ്ചാവ് ലഹരിയിൽ ആളുമാറി വിപിനെ ആക്രമിക്കുകയായിരുന്നെന്നാണ് പോത്തൻകോട് പൊലീസ് പറയുന്നത്. സംഭവത്തിൽ പരാതി ലഭിച്ചില്ലെന്നും പരാതി ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്ന് പോത്തൻകോട് എസ്.എച്ച്.ഒ കെ. ശ്യാം പറഞ്ഞു.