തിരുവനന്തപുരം: കൊല്ലം ജില്ലയിലെ പിറവന്തൂരിൽ കളത്തരാടി ഭവനത്തിൽ രാമൻ-വെളുമ്പി ദമ്പതികളുടെ മകനായി 1098 വൃശ്ചിക മാസത്തിലെ അനിഴം നക്ഷത്രത്തിൽ (1922 ഡിസംബർ) ആയിരുന്നു സ്വാമി പ്രകാശാനന്ദയുടെ ജനനം. കുമാരൻ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. അമ്മയിൽ നിന്നാണ് കൊച്ചു കുമാരന് ഭക്തിയുടെയും വ്രതാനുഷ്ഠാനങ്ങളുടെയും തീവ്രത പകർന്നുകിട്ടിയത്. ഭക്തിപ്രധാനങ്ങളായ പുരാണകൃതികളുടെയും ശ്രീരാമകൃഷ്ണ വചനാമൃതത്തിന്റെയും ശ്രീനാരായണ ഗുരുദേവ കൃതികളുടെയും നിത്യപാരായണവും ധ്യാനവും കൊണ്ട് പ്രാർത്ഥനാപൂർണ്ണമായിരുന്നു ആ ബാലന്റെ ജീവിതം. ഈ ശീലം പില്ക്കാലത്ത് വാസനാസങ്കല്പങ്ങളുടെ ലോകത്ത് നിന്ന് പിൻവാങ്ങുവാൻ പ്രേരണയായി.