പോത്തൻകോട്: ഐ.ടി നഗരമായ കഴക്കൂട്ടത്ത് ഭരണകക്ഷി യൂണിയനുകളുടെ ഭീഷണിയെ തുടർന്ന് നൂറിലധികം പേർക്ക് ജോലി ലഭിക്കുമായിരുന്ന എട്ടുകോടിയുടെ സംരംഭം പ്രവാസി മലയാളി ഉപേക്ഷിക്കാനൊരുങ്ങുന്നു. കഴക്കൂട്ടം ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന പ്രവാസി മലയാളി നസീറാണ് പരാതിയുമായി രംഗത്തെത്തിയത്. 29 വർഷം ഗൾഫിൽ ജോലി ചെയ്ത് സമ്പാദിച്ച് വാങ്ങിയ സ്വന്തം സ്ഥലത്ത് ബാങ്ക് വായ്‌പയെടുത്താണ് നസീർ ഷോപ്പിംഗ് മാൾ നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ ആ തീരുമാനം തന്നെയും ഭാര്യയെയും മകനെയും ആത്മഹത്യയുടെ വക്കിലെത്തിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്. യൂണിയൻകാരുടെ നിരന്തര ഭീഷണി നിലനിൽക്കുന്നതിനാൽ പദ്ധതി മുന്നോട്ടുകൊണ്ട് പോകാൻ കഴിയുന്നില്ലെന്നാണ് നസീറിന്റെ പരാതി.

കയറ്റിറക്ക് കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ സൈറ്റിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി മടക്കിഅയക്കുന്നെന്നും കഴിഞ്ഞ ദിവസം സൈറ്റിലെത്തി യൂണിയൻകാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും നസീർ ആരോപിച്ചു. ഇതുസംബന്ധിച്ച് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്കും ലേബർ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം നസീറിനോട് അപമര്യാദയായി പെരുമാറിയ ഒരു ചുമട്ടുതൊഴിലാളിയെ സസ്‌പെൻഡ് ചെയ്‌തെന്നും മറ്റുള്ളവർക്ക് താക്കീത് നൽകിയതായും കഴക്കൂട്ടം ലേബർ ഓഫീസർ ഹരികുമാർ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിനായി 13ന് ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ ഇരുകൂട്ടരെയും ചർച്ചയ്‌ക്കായി ക്ഷണിച്ചിട്ടുണ്ട്. പരാതി അന്വേഷിക്കുന്നതായി കഴക്കൂട്ടം പൊലീസും അറിയിച്ചു.