തിരുവനന്തപുരം: 'വേവ് ': വാക്സിൻ സമത്വത്തിനായി മുന്നേറാം'എന്ന പേരിൽ വാക്സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പയിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരെ വാക്സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് ഈ പദ്ധതി .ഇതിനായി ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്.
ആശാവർക്കർമാരുടെ സേവനം ഉപയോഗിച്ചാണ് ഈ കാമ്പയിൻ നടത്തുന്നത്. ഇതിനാവശ്യമായ ചെലവുകൾ കൊവിഡ് ഫണ്ടുകളിൽ നിന്ന് എൻ.എച്ച്.എം വഴി നികത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.വാർഡ് തലത്തിലാണ് രജിസ്‌ട്രേഷൻ പ്രക്രിയ.
ജൂലായ് 31നകം ഇത്തരക്കാരുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കും.ഓരോ പഞ്ചായത്തിലും ഓരോ ആശാവർക്കർമാർ ഉള്ളതിനാൽ ആ പ്രദേശത്ത് വാക്സിൻ കിട്ടാതെ പോയ ആൾക്കാരെ കണ്ടെത്തിയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്.ആ വാർഡിൽ വാക്സിനെടുക്കാത്ത 18 വയസിന് മുകളിലുള്ള എല്ലാവരും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആശാ വർക്കർമാർ ഉറപ്പ് വരുത്തും.
ഇതുകൂടാതെ സ്മാർട്ട് ഫോണുള്ള വ്യക്തികളെ സ്വയം രജിസ്റ്റർ ചെയ്യാൻ ആശാവർക്കർമാർ പ്രോത്സാഹിപ്പിക്കും. ആ പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രജിസ്‌ട്രേഷൻ പ്രക്രിയ സുഗമമാക്കുന്നത്. ആവശ്യമെങ്കിൽ ദിശ കാൾ സെന്ററിൽനിന്ന് കൂടുതൽ സഹായം സ്വീകരിക്കാം. ജില്ലാ, ബ്ലോക്ക് ടാസ്‌ക് ഫോഴ്സും രജിസ്‌ട്രേഷന്റെ പുരോഗതി നിരീക്ഷിക്കും. വാക്സിൻ സ്‌റ്റോക്കിന്റെ ലഭ്യത അടിസ്ഥാനമാക്കി ഇവർക്ക് വാക്സിൻ നൽകുന്നതാണ്. ജില്ലയിൽ നിന്നോ പെരിഫറൽ തലത്തിൽ നിന്നോ വാക്സിനേഷന്റെ ഷെഡ്യൂളിംഗ് നടത്തുകയും വ്യക്തികളെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ അറിയിക്കുകയും ചെയ്യും.