childhood

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യൻ നായികയായി മാറിയ താരമാണ് മഞ്ജിമ മോഹൻ. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തന്റെ ബാല്യകാല ഓർമകളും മഞ്ജിമ പങ്കുവയ്ക്കാറുണ്ട്. തന്റെ ബാല്യകാലത്തെ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് മഞ്ജിമ. ചെറുപ്പത്തിൽ പല്ലുപോയ സമയത്തുള്ള ചിത്രമാണ് താരം പങ്കുവച്ചത്. “ടൂത്ത് ഫെയറിയെ സന്ദർശിച്ച ശേഷം,” എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പം മഞ്ജിമ നൽകിയിരിക്കുന്നു. ‘സ്മൈൽ വിത്ത് കോൺഫിഡൻസ്,’ എന്ന ഹാഷ് ടാഗോട് കൂടിയാണ് താരം തന്റെ ബാല്യകാല ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഏതാനും ദിവസം മുൻപ് തന്റെ കുട്ടിക്കാലത്തെ മറ്റൊരു ചിത്രവും മഞ്ജിമ പങ്കുവച്ചിരുന്നു. സ്കൂൾ വേഷത്തിലുള്ള ചിത്രം ‘വൺസ് അപോൺ എ ടൈം,’ എന്ന ക്യാപ്ഷനോട് കൂടിയാണ് മഞ്ജിമ പങ്കുവച്ചത്. ‘ഒരു വടക്കൻ സെൽഫി’ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായ മഞ്ജിമ പിന്നീട് തമിഴിലേക്ക് ചേക്കേറി. ‘അച്ചം എന്‍മ്പത് മദമയെടാ’ എന്ന ചിത്രത്തിൽ ചിമ്പുവിന്റെ നായികയായിട്ടായിരുന്നു തമിഴിലെ അരങ്ങേറ്റം. എന്നാൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല.

manjima

അതേത്തുടർന്ന് ‘സത്തിരിയന്‍’, ‘ഇപ്പടൈ വെല്ലും’, ദേവരാട്ടം’ എന്നീ ചിത്രങ്ങളിലും വേഷമിട്ട മഞ്ജിമ എന്‍.ടി.ആര്‍ ജീവ ചരിത്രം പറയുന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. 2019ൽ നിവിൻ പോളി നായകനായ മിഖായേലിലൂടെയാണ് മഞ്ജിമ നാല് വർഷത്തോളം നീണ്ട ഇടവേളക്കൊടുവിൽ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. 2019ൽ പുറത്തിറങ്ങിയ ദേവരാട്ടം എന്ന സിനിമയിലും 2021ൽ പുറത്തിറങ്ങിയ കളത്തിൽ സന്തിപ്പോം എന്ന തമിഴ് ചിത്രത്തിലും മഞ്ജിമ അഭിനയിച്ചു. കങ്കണ റണാവത്ത് നായികയായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ക്വീനി’ന്റെ മലയാളം പതിപ്പായ ‘സംസം’ ആണ് മഞ്ജിമയുടെ അടുത്ത മലയാളം റിലീസ്. തുഗ്ലക് ദർബാർ, എഫ്.ഐ.ആർ, ഒക്ടോബർ 31 ലേഡീസ് നൈറ്റ് എന്നിവയാണ് മഞ്ജിമയുടെ പുറത്തിറങ്ങാനുള്ള തമിഴ് ചിത്രങ്ങൾ.