നെടുമ്പാശേരി: ഒന്നര വർഷത്തിലേറെയായി യന്ത്രസഹായത്തോടെ പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പെരിയാറിൽ നിന്ന് വൻ തോതിൽ നടക്കുന്ന മണൽ ഖനനത്തിനെതിരെ വ്യാപകപ്രതിഷേധം. നാട്ടുകാർക്ക് പുറമെ കുന്നുകര ഗ്രാമപഞ്ചായത്ത് ഭരണസമിതിയും പ്രതിഷേധവുമായി രംഗത്തെത്തി.
ഖനനത്തെതുടർന്ന് സമീപ പ്രദേശങ്ങളായ കാരയ്ക്കാട്ടുകുന്ന്, അമ്മണത്ത് പള്ളം പ്രദേശങ്ങളിൽ കര ഇടിഞ്ഞ് നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്. ജനപ്രതിനിധികൾക്ക് മുന്നിലും വിവിധ സർക്കാർ ഓഫീസുകളിലും നാട്ടുകാർ പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. മുൻ പഞ്ചായത്ത് ഭരണസമിതി മണൽ ഖനനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയതിനെ തുടർന്ന് തത്കാലം നിർത്തിയെങ്കിലും താമസിയാതെ പുനരാരംഭിച്ചു. വീണ്ടും ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് നിലവിലെ പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തിയത്. പ്രളയസാദ്ധ്യത കണക്കിലെടുത്ത് ഈ ഭാഗത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിന്റെ മറവിൽ സംസ്ഥാന ഇറിഗേഷൻ വിഭാഗമാണ് മണൽ ഖനനത്തിന് അനുമതി നൽകിയിരിക്കുന്നത്.
നിയമനടപടിയെന്ന് പഞ്ചായത്ത്
പരിസ്ഥിതി ദുർബല പ്രദേശമായ അമ്മണത്തുകടവിൽ നടക്കുന്ന മണലൂറ്റ് മൂലം നദീതീരം ഇടിയുന്നു. ഇത് പരിസരവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ചൂണ്ടിക്കാട്ടി. അടിയന്തര നടപടിവേണമെന്ന് ജില്ലാ കളക്ടർ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരോട് യോഗം ആവശ്യപ്പെട്ടു. നടപടികൾ വൈകിയാൽ നിയമനടപടികളിലേക്ക് നീങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേത്യത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
പിന്നിൽ ഉന്നതസ്വാധീനം
ശക്തിയുള്ള മോട്ടോർ ഉപയോഗിച്ച് ഖനനം ചെയ്ത് മലപോലെ സംഭരിക്കുന്ന മണൽ എക്‌സ്‌കവേറ്റർ ഉപയോഗിച്ചാണ് വാഹനങ്ങളിൽ കയറ്റുന്നത്. മണൽ കടത്തുന്നത് എങ്ങോട്ടാണെന്നും എപ്പോഴാണെന്നുമുള്ള കാര്യവും അവ്യക്തമാണ്. ഉന്നത സ്വാധീനമുള്ള ശക്തികളാണ് മണൽകൊള്ളയ്ക്ക് പിന്നിലെന്നാണ് പ്രദേശവാസികളുടെ പരാതി. കോടിക്കണക്കിന് രൂപയുടെ മണൽ ഇതിനകം ഇവിടെനിന്നും കടത്തി. അശാസ്ത്രീയമായ മണൽഖനനം പെരിയാറിൽ രൂക്ഷമായ ആഴക്കയങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് വൻ ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്ന ഭീതിയും പ്രദേശവാസികൾക്കുണ്ട്.
പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പെരിയാറിൽ നിന്നും മണൽ ഘടനം നടത്തുന്ന പ്രദേശം കുന്നുകര പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിക്കുന്നു