വിതുര: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ടിട്ട് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. പാലോട് കരിമൺകോട് മുക്കാൽത്തോട് അനീഷ് ഭവനിൽ പി. അനീഷാണ് (24) അറസ്റ്റിലായത്.
സമൂഹമാദ്ധ്യമത്തിലൂടെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയുമായി പരിചയത്തിലായ പ്രതി ചൊവ്വാഴ്ച രാത്രി വീട്ടിലെത്തി ഭീഷണിപ്പെടുത്തി കുട്ടിയെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. പാലോട്ടുള്ള വീട്ടിലെത്തിച്ച് പലതവണ പീഡിപ്പിച്ചശേഷം മുറിക്കുള്ളിൽ പൂട്ടിയിട്ടു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ വിതുര പൊലീസിൽ പരാതി നൽകി.
തുടർന്നുള്ള അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
ഇതിനുശേഷം പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാർ, വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐമാരായ വിനോദ്, സതികുമാർ എന്നിവരുടെ നേതൃത്വത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.