മുക്കം: കാരശേരി പഞ്ചായത്തിൽ ടി.പി.ആർ ഉയരാൻ കാരണം ആശുപത്രി അധികൃതരാണെന്നാരോപിച്ച് പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ സമരത്തിൽ. ആശുപത്രിക്കെതിരെ ജില്ലാ ഭരണകൂടത്തിനും ജില്ല മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് പഞ്ചായത്തിന്റെ പരാതി. രണ്ടാം വാർഡിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ 30 പേർക്ക് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയതിൽ അസ്വാഭാവികത തോന്നി സ്വകാര്യ ലാബിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാക്കിയപ്പോൾ പലർക്കും നെഗറ്റീവ് ഫലം കിട്ടിയതാണ് പരാതിക്ക് അടിസ്ഥാനം. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലുണ്ടായ അനാസ്ഥയാണ് രോഗവ്യാപനത്തിനിടയാക്കിയതെന്നും വീഴ്ച മറച്ച വയ്ക്കാനാണ് പഞ്ചായത്ത് അതിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിനെതിരെ സമരം നടത്തുകയും ദുഷ്പ്രചരണം നടത്തുകയും ചെയ്യുന്നതെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു. പ്രതിരോധ വാക്‌സിൻ വിതരണത്തിൽ പോലും രാഷ്ട്രീയ പക്ഷപാതമാണ് പഞ്ചായത്ത് കാട്ടുന്നതെന്ന ഗുരുതര ആരോപണവും എൽ.ഡി.എഫ് ഉന്നയിക്കുന്നു. ഇതടക്കമുള്ള പ്രശ്‌നങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് പഞ്ചായത്തിന് മുന്നിലും വാർഡ് കേന്ദ്രങ്ങളിലും സമരം നടത്തി. പിന്നാലെ ആരോഗ്യ കേന്ദ്രത്തിന് മുന്നിലും വാർഡുകളിലും യു.ഡി.എഫും സമരം സംഘടിപ്പിച്ചു.