തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയായ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻസ് ആൻഡ് ടെക്‌നോളജിയുടെ ആദ്യ കോഴ്‌സിലേക്ക് അപേക്ഷ പ്രവാഹം. 30 സീറ്റുള്ള ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിച്ചത് 500 ലധികം പേർ.
റെഗുലർ പി എച്ച് ഡിയ്‌ക്കൊപ്പം നൂതന ആശയമായ ഇൻഡസ്ട്രീ റെഗുലർ പി എച്ച് ഡിയ്ക്കും അപേക്ഷകളേറെയാണ്. ഇൻഡസ്ട്രീ റെഗുലർ പി എച്ച് ഡിയിൽ സ്വന്തം തൊഴിലിടമോ, യൂണിവേഴ്‌സിറ്റി അംഗീകരിച്ച ഇൻഡസ്ട്രീ ലാബുകളോ ഗവേഷണത്തിനായി ഉപയോഗിക്കാം. സ്വന്തം തൊഴിലിടത്തിലെ വിദഗ്ദ്ധരെത്തന്നെ ഗവേഷണ മാർഗദർശികളാക്കാം.
പുതിയ കാലത്തിന് അനുയോജ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടേഷണൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങിയവയാണ് ഡോക്ടറൽ പ്രോഗ്രാമുകളുടെ പ്രധാന ആകർഷണം. ഡോക്ടറൽ പ്രോഗ്രാമിന് ലഭിച്ച 440 അപേക്ഷകളിൽ 259 എണ്ണം റെഗുലർ പി എച്ച് ഡിക്കും 169 എണ്ണം പാർട്ട് ടൈമിനുമാണ്. 17 സീറ്റുകളുള്ള സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിന് 257 അപേക്ഷകൾ ആണ് ലഭിച്ചിട്ടുള്ളത്. സ്‌കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷന്റെ 9 സീറ്റുകൾക്ക് 123 അപേക്ഷകളും മൂന്ന് സീറ്റുകളുള്ള സ്‌കൂൾ ഓഫ് ഡിജിറ്റൽ സയൻസസിന് 53 അപേക്ഷകളും ഒറ്റ സീറ്റുള്ള സ്‌കൂൾ ഓഫ് ഇൻഫോർമാറ്റിക്‌സിന് 9 അപേക്ഷകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.
നൂതന മേഖലകളായ ഡിജിറ്റൽ ടെക്‌നോളജി, സയൻസ് എന്നിവയിൽ ഗവേഷണം നടത്താനുള്ള താത്പര്യമാണ് ഇത് കാണിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
പി എച്ച്. ഡി അഡ്മിഷൻ ഇന്റർവ്യൂ അടുത്തയാഴ്ച ആരംഭിക്കും. ഓഗസ്റ്റിൽ ഡോക്ടറൽ പ്രോഗാവും. സ്‌കൂൾ ഓഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ആൻഡ് ലിബറൽ ആർട്‌സിലേക്കുള്ള അഡ്മിഷൻ ഒക്ടോബറിലും. എം എസ്.സി, എം.ടെക് കോഴ്‌സുകളുടെ അഡ്മിഷൻ ഓഗസ്റ്റിലും. എം ടെക് കോഴ്‌സുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എ.ഐ ഹാർഡ്വെയർ, സൈബർ സെക്യൂരിറ്റി, കണ്ര്രകഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ് എന്നിങ്ങനെയുള്ള കോഴ്‌സുകളും എംഎസ്.സിയിൽ മെഷീൻ ലീർണിങ്, എക്കോളോജിക്കൽ ഇൻഫോർമാറ്റിക്‌സ്, സൈബർ സെക്യൂരിറ്റി തുടങ്ങിയവയും.