1

തിരുവനന്തപുരം: ഉത്തരേന്ത്യയിൽ നിന്ന് മനുഷ്യക്കടത്ത് നടത്തി തിരുവനന്തപുരത്ത് പെൺവാണിഭം നടത്തിവന്ന സംഘം പിടിയിൽ. അസാം സ്വദേശികളായ ഒമ്പത് സ്ത്രീകളെയും ഒമ്പത് പുരുഷന്മാരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ്, തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നിന്നാണ് ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടുന്നു. അസാം പൊലീസും കേരള പൊലീസും സംയുക്തമായി റെയ്ഡ് നടത്തുകയായിരുന്നു.

പെൺവാണിഭ സംഘത്തിന്റെ മുഖ്യനടത്തിപ്പുകാരും അസാം സ്വദേശികളുമായ മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരും പിടിയിലായി.

അസാമിൽനിന്ന് മനുഷ്യകടത്ത്

കേരളത്തിൽ പെൺവാണിഭം

അസാം, നാഗലാന്റ്, മേഘാലയ എന്നിവിടങ്ങളിലെ ദാരിദ്ര്യം അനുഭവിക്കുന്ന സ്ത്രീകളുടെ കുടുംബങ്ങളിൽ ചെന്ന് പണം നൽകി ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽ എത്തിക്കും. ഇവിടെ അനാശാസ്യ പ്രവൃത്തികൾക്ക് ഉപയോഗിക്കും. ദമ്പതികളെന്ന് പറഞ്ഞാണ് മുറിയെടുക്കുന്നത്. ഇതിനായി വ്യാജ രേഖകളും ചമച്ചിരുന്നു. പുറത്ത് അറിയാതിരിക്കാൻ ലോഡ്ജിലുള്ളവർക്കും പണം നൽകിയിരുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പണക്കാരായ കച്ചവടക്കാരാണ് പ്രധാന ഇടപാടുകാർ. മലയാളികളുമായി അധിക ബന്ധമില്ലെന്നാണ് പൊലീസ് പറഞ്ഞത്.

രഹസ്യവിവരം പിന്തുടർന്ന്

അസാം പൊലീസ്

സ്ത്രീകളെ കേരളത്തിലെത്തിച്ച് പെൺവാണിഭം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരെ പ്രതികളാക്കി അസാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരുടെയും ഫോൺവിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം നഗരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയ അസാം പൊലീസ്, സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയെ കണ്ട് കാര്യങ്ങൾ വ്യക്തമാക്കി. തുടർന്ന് ഷാഡോ പൊലീസുമായി ചേർന്ന് റെയ്ഡ് നടത്തുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു സഹായികളും പിടിയിലായിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം പ്രതികളെ അസാമിലേക്ക് കൊണ്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. ഇത്തരം സംഘങ്ങളെ പറ്റി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.