sports

തിരുവനന്തപുരം: കായിക മേഖലയുടെ പ്രോത്സാഹനത്തിന് സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ രൂപീകരിക്കുന്ന സ്‌‌പോർട്സ് കേരള ലിമിറ്റഡ് കമ്പനിയുടെ പ്രവർത്തനം അടുത്ത മാസം ആരംഭിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കായികരംഗത്തെ പശ്ചാത്തല വികസനത്തോടൊപ്പം ഈ രംഗത്തെ മൊത്തം വികസനത്തിന് വേണ്ടിയാകും കമ്പനി പ്രവർത്തിക്കുക. നെഹ്‌‌റുകപ്പ് മാതൃകയിൽ ഫുട്ബാൾ ടൂർണമെന്റുകളും ബീച്ച് ഫുട്ബാൾ മത്സരങ്ങളും കേരളത്തിൽ നടത്താൻ ശ്രമിക്കുമെന്ന് കേസരി ട്ര‌‌സ്റ്റിന്റെ മുഖാമുഖത്തിൽ മന്ത്രി പറഞ്ഞു.

സംസ്ഥാന കായികനയം ജനുവരിയിൽ തയ്യാറാകും. കരട് ഉടൻ പൂർത്തിയാകും. ഗ്രേസ് മാർക്ക്,​ മെഡലുകൾ,​ ജോലി എന്നതിനപ്പുറം കായിക മേഖലയിൽ പുതിയ കാഴ്ചപ്പാട് ഉണ്ടാക്കും. കായികവിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കുക,​ പ്രാദേശിക കളിക്കളങ്ങൾ വികസിപ്പിക്കുക,​ ജനങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയവയിൽ ഊന്നൽ നൽകും. കേരളത്തിൽ വാട്ടർ സ്പോർട്സിന് നല്ല സാദ്ധ്യതകളുണ്ട്. സർക്കാർ കോച്ചുകളുടെയും കായികാദ്ധ്യാപകരുടെയും കായികക്ഷമത പരിശോധിക്കും.

കൊവിഡ് കാലയളവിൽ കായിക വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിച്ച വിഷയത്തിൽ രണ്ടുദിവസത്തിനുള്ളിൽ പരിഹാരമുണ്ടാക്കും. പ്ലസ് ടു പോലുള്ള കോഴ്സുകൾക്ക് പ്രവേശനത്തിന് സ്‌‌പോർട്സ് സർട്ടിഫിക്കറ്ര് അനർഹരായവർക്ക് നൽകുന്നത് തടയും. സർട്ടിഫിക്കറ്ര് വിതരണം ഓൺലൈനാക്കുമെന്നും മന്ത്രി പറഞ്ഞു.