kdvr

അഞ്ചുതെങ്ങ്: ഒരുകോടി പത്ത് ലക്ഷം രൂപാ ചെലവിൽ തോണിക്കടവിന് സമീപം നിർമ്മാണം പൂർത്തിയാക്കിയ ഫിഷ് ലാൻഡിംഗ് സെന്റർ ആ‌ർക്കും വേണ്ടാതെ തകർന്നടിഞ്ഞു. കടൽക്ഷോഭത്തിൽ തകർന്ന കെട്ടിടത്തിന്റെ പത്തോളം പില്ലറുകൾക്ക് പൂർണമായും ബലക്ഷയം സംഭവിച്ചു. ഇതിന് അനുബന്ധമായി നിർമ്മിച്ച കോൺക്രീറ്റ് റോഡും പൂർണമായും തകർന്നു. ശക്തമായ തിരകാരണം മണ്ണിടിഞ്ഞ് കെട്ടിടം ഒരു മീറ്ററോളം താഴ്ന്നു. ഇതാണ് തൂണുകൾക്ക് ബലക്ഷയം സംഭവിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്ത്വത്തിലാണ് കെട്ടിട നിർമ്മാണമാരംഭിച്ചത്. പതിനൊന്ന് മാസങ്ങൾ കൊണ്ടാണ് കെട്ടിടവും അനുബന്ധ റോഡും പൂർത്തിയാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥലം കണ്ടെത്തിയപ്പോൾ തന്നെ പ്രദേശവാസികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വളരെയേറേ വീതി കുറഞ്ഞതും കടലിൽ നിന്നും ഉയർന്നതുമായ പ്രദേശമായതിനാൽ കടലാക്രമണം ഉണ്ടാകുമെന്നും പെട്ടെന്ന് കെട്ടിടം തകരാൻ കാരണമാകുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അഭിപ്രായപ്പെട്ടിരുന്നു. ഇതൊന്നും വകവയ്ക്കാതെയായിരുന്നു നിർമ്മാണം. അപകടകരമായ രീതിയിൽ തുടരുന്ന കെട്ടിടത്തിന്റെ സമീപത്തു കൂടി പ്രദേശത്തെ കുട്ടികൾ കളിക്കുന്നതിനും മറ്റുമായി ഇവിടം തിരഞ്ഞെടുക്കുന്നത് വലിയൊരു ദുരന്തമാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്.

 ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മാണത്തിന് ചെലവായത്....... 1.10 കോടി

നിർമ്മാണം പൂർത്തിയാക്കിയത്.... 10 മാസം കൊണ്ട്

 പൂർണമായും ബലക്ഷയമുള്ളത്...... 10 പില്ലറുകൾ

 2016 ഫെബ്രുവരി 18 ന് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബുവാണ് ഉദ്ഘാടനം നിർവഹിച്ചത്.

കെട്ടിടം വിശ്രമകേന്ദ്രമാക്കി, മത്സ്യം ഉണക്കാനും വലകളുടെ അറ്റകുറ്റപ്പണികൾ നടത്താനുമാണ് ഉപയോഗിക്കുന്നത്

 ആരംഭത്തിലെ നിലച്ച അന്വേഷണം

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ആറ് മാസങ്ങൾ ആയപ്പോൾ തന്നെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണിരുന്നു. ശാസ്ത്രീയ പഠനങ്ങൾ നടത്താതേയും തീരദേശനിയമങ്ങൾ കാറ്റിൽ പറത്തിയും പ്രദേശവാസികളുടെ എതിർപ്പിനെ മറികടന്നും നിർമ്മാണം പൂർത്തീകരിച്ചതിലും ലക്ഷങ്ങൾ പാഴാക്കിയതിലും വിജിലൻസ് കേസെടുത്തെങ്കിലും അന്വേഷണം ആരംഭത്തിൽ തന്നെ നിലച്ചു.