തിരുവനന്തപുരം: തിരുമല എബ്രഹാം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 99ാം അദ്ധ്യയന വർഷത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പഠനാവശ്യത്തിനായി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്‌മാർട്ട് ഫോണുകൾ വിതരണം ചെയ്‌തു. ചടങ്ങിൽ വില്ലേജ് ഓഫീസർ മനോജ് കുമാറിനെ ആദരിച്ചു. സ്‌കൂൾ മാനേജർ പ്രൊഫ. എ.എസ്. ബെൻ റോയ്, കൗൺസിലർ അനിൽകുമാർ, തിരുമല സർവീസ് സഹകരണ സംഘം പ്രസിഡന്റ് പുത്തൻകട വിജയൻ, പി.ടി.എ പ്രസിഡന്റ് വിൽഫ്രഡ് സാം എന്നിവർ സംസാരിച്ചു.
1923ൽ കെ.എസ്. എബ്രഹാമിന്റെ നേതൃത്വത്തിലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സോളമൻ റോയ് സ്‌കൂളിന്റെ സാരഥിയായി. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നാക്കം നിന്ന മേഖലയുടെ ഉന്നമനത്തിന് സ്‌കൂൾ നിർണായക പങ്കുവഹിച്ചു. പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്താനും സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. പഠനത്തോടൊപ്പം ഇന്റേൺഷിപ്പും നടത്തുന്നു. ശതാബ്ദിയിലേക്ക് കടക്കാൻ പോകുന്ന സ്‌കൂളിന്റെ പൂർവ വിദ്യാർത്ഥി പട്ടികയിൽ പ്രശസ്തരുൾപ്പെടെ ഇടം നേടിയിട്ടുണ്ടെന്നത് അഭിമാനമാണെന്ന് സ്‌കൂൾ അധികൃതർ പറയുന്നു.