mahila-congress

തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ ആസ്ഥാനത്ത് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസും സമരക്കാരും തമ്മിൽ നേരിയ സംഘർഷം. ഉന്തിലും തള്ളിലും കമ്മിഷൻ ആസ്ഥാനത്തിന്റെ ഒരു വശത്തുള്ള സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിഞ്ഞുവീണു.

ഇന്നലെ രാവിലെ 11നാണ് സംഭവം. വണ്ടിപ്പെരിയാർ കൊലപാതകത്തിലെ പ്രതിക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടെയാണ് അപ്രതീക്ഷിത സംഭവം. ആസ്ഥാനത്തെത്തിയ സമരക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്രവും ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ മാറ്റുന്നതിനായി ഒരു വശത്തെ മതിലിന്റെ വശത്തേക്ക് പിടിച്ചു മാറ്റിയപ്പോഴാണ് മതിൽ തകർന്നത്.

ഇതോടെ സമരക്കാരും പൊലീസും അല്പസമയം പിൻവാങ്ങി. സംഭവത്തിൽ വനിതാ പൊലീസുകാരിക്കും രണ്ട് പൊലീസുകാർക്കും നിസാര പരിക്കേറ്റു. മതിലിടിയാൻ കാരണം പൊലീസെന്ന് സമരക്കാർ ആരോപിച്ചു. എന്നാൽ സമരക്കാരാണെന്നാണ് പൊലീസിന്റെ വാദം. തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റുചെയ്‌ത് മാറ്റി. ജില്ലാ പ്രസിഡന്റ് ലക്ഷ്മി, സംസ്ഥാന സെക്രട്ടറി ബിന്ദുചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷീലാ രമണി, ദീപാ അനിൽ, ജില്ലാ സെക്രട്ടറിമാരായ ലേഖാ കൃഷ്‌ണകുമാർ,​ ഗായത്രി, ഷെർളി, സുധ,​ സുശീല, ഗിൽഡ, അനിത എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്.