തിരുവനന്തപുരം: നഗര പരിധിയിൽ അനധികൃതമായി കോഴിമാലിന്യം ശേഖരിച്ച് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന സംഘങ്ങളെ നഗരസഭയുടെ രാത്രികാല സ്‌ക്വാഡ് പിടികൂടി. അനധികൃത ഏജൻസികൾ നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്ന് കോഴിമാലിന്യങ്ങൾ ശേഖരിക്കുകയും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തി വാഹനം പിടിച്ചെടുത്തത്. കോഴിമാലിന്യം ശേഖരിക്കുന്നതിന് നഗരസഭ ലൈസൻസ് നൽകിയിട്ടുള്ള വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ച് ദിനംപ്രതി നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. നഗരസഭ ഇത്തരത്തിൽ അനുമതി നൽകിയ വാഹനത്തിൽ നിന്ന് അനധികൃത ഏജൻസിക്ക് മാലിന്യം കൈമാറി നൽകിയതിന് അംഗീകൃത ഏജൻസിയുടെ വാഹനവും നഗരസഭ പിടിച്ചെടുത്തു. നഗരസഭാ ലൈസൻസ് നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ച വാഹനത്തിന്റെ മാലിന്യ ശേഖരണത്തിനുള്ള നഗരസഭാ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് മേയർ അറിയിച്ചു. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ മിത്രൻ ജി. നേതൃത്വം നൽകിയ സ്‌ക്വാഡിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിനോജ്, പ്രവീൺ, ജയകൃഷ്ണൻ, ഷിജുകുമാർ, ഷിനോദ് എന്നിവരും ഉണ്ടായിരുന്നു.