v

തിരുവനന്തപുരം: സർവകലാശാല, കോളേജ് തലങ്ങളിൽ ഓൺലൈൻ പഠന സംവിധാനം സാങ്കേതിക മികവോടെ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്റി ആർ.ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ, ഡിജി​റ്റൽ സർവകലാശാല വൈസ്ചാൻസലർ സജി ഗോപിനാഥ് എന്നിവരുടെ സമിതി നേതൃത്വം നൽകും. അക്കാഡമിക്, സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതിയുടെ പ്രവർത്തനം വിപുലീകരിക്കുമെന്നും ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഗവേണിംഗ് ബോഡി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഫാക്കൽ​റ്റി ഡെവലപ്‌മെന്റ് സെന്റർ നടത്തുന്ന ഓൺലൈൻ പഠന പരിശീലന പ്രോഗ്രാം എല്ലാ അദ്ധ്യാപകർക്കും സൗജന്യമായി നൽകും. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കായി സർവകലാശാലാ കലോത്സവങ്ങളിൽ പ്രത്യേക മത്സരവിഭാഗം രൂപീകരിക്കും. കൊവിഡാനന്തര ഉന്നതവിദ്യാഭ്യാസ നയം, ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് പ്രൊഫ. പ്രഭാത് പട്നായ്ക് സമിതി റിപ്പോർട്ട്, ഗവേഷകരുടെ പ്രശ്നങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് എന്നിവ യോഗം അംഗീകരിച്ചു.

യോഗത്തിൽ പ്രൊഫ. രാജൻ ഗുരുക്കൾ, ഡോ. രാജൻ വറുഗീസ്, ഡോ. ബി. ഇക്ബാൽ (പ്ലാനിംഗ് ബോർഡ്), വൈസ്ചാൻസലർമാരായ പ്രൊഫ. മഹാദേവൻ പിള്ള (കേരള), ഡോ. എം.എസ് .രാജശ്രീ (സാങ്കേതികം), പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ), പ്രൊഫ. കെ.സി. സണ്ണി (നുവാൽസ്), ഡോ. എം.കെ. ജയരാജ് (കാലിക്ക​റ്റ് ) ഡോ. ആർ.ചന്ദ്രബാബു (കാർഷികം),ഡോ. ആർ. ശശീന്ദ്രനാഥ് (വെറ്ററിനറി), ഡോ. കെ. മോഹനൻ (ആരോഗ്യം), പി.എം. മുബാറക്ക് പാഷ (ഓപ്പൺ) സഞ്ജയ് കൗൾ (ധനകാര്യസെക്രട്ടറി), എക്സിക്യുട്ടീവ് കമ്മി​റ്റി അംഗങ്ങളായ ഡോ. ഫാത്തിമത്ത് സുഹറ, ഡോ. ജെ. രാജൻ, ഡോ. ആർ. കെ. സുരേഷ്‌കുമാർ, ഡോ. കെ. കെ ദാമോദരൻ സത്യാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.