ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ അന്തിയൂർ വാർഡിലെ കോഴോട് പാലത്തേക്ക് കടന്നുപോകുന്ന മുതുക്കുളം റോഡ് ടാർ ഇളകി തകർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. റോഡ് തകർന്ന് ഒരു മാസം കഴിഞ്ഞിട്ടും പൊട്ടിപ്പൊളിഞ്ഞ സ്ഥലത്തെ കുഴികൾ പോലും നികത്താൻ അധികൃതർ തയ്യാറാവാത്തത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഓട്ടോ ടാക്സി ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഈ ഭാഗത്തെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതുമൂലം രാത്രികാലത്ത് ഇതുവഴിയുള്ള വാഹനയാത്ര അപകടക്കെണിയായിമാറിയിട്ടുണ്ട്. ഇരു ചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്തവിധം റോഡിൽ പകുതിയോളം ടാർ ഒലിച്ചുപോയിരിക്കുകയാണ്. അഞ്ച് ലക്ഷത്തിൽ താഴെ തുച്ഛമായ ഫണ്ട് വിനിയോഗിച്ചാണ് റോഡിന്റെ ടാറിംഗ് പൂർത്തീകരിച്ചത്. ഇരുഭാഗത്തും ഓടനവീകരിച്ച് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ 20 ലക്ഷത്തോളം രൂപ വേണ്ടിവരും. ഇതിനായി ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. എൽ.എസ്.ജി.ഡി സെക്ഷനോ അസി.എൻജിനയറോ തകർന്ന റോഡുകൾ തിരിഞ്ഞുപോലും നോക്കാറില്ല. റസിഡൻഷ്യൽ മേഖലയിലെ ഗ്രാമീണ റോഡുകൾ അടിയന്തരമായി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ റസിഡന്റ്സ് അസോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്.
നിർമ്മാണം വേണ്ടത്...........20 ലക്ഷം
റോഡ് തകരുന്നു
എം.എൽ.എ ഫണ്ടുപയോഗിച്ച് ബി.എം. ആൻഡ് ബി.സി പദ്ധതിയിൽ നിർമ്മിച്ച ഐത്തിയൂർ -പെരിങ്ങമല റോഡ്, വെടിവെച്ചാൻകോവിൽ -പുന്നമൂട് റോഡ്, മുടവൂർപ്പാറ –മുക്കമ്പാലമൂട് റോഡ് എന്നിവ ദീർഘകാല സുരക്ഷിതത്വം ഉറപ്പ് നൽകുന്ന മികച്ച ഗ്രാമീണ റോഡുകളാണ്. പഞ്ചായത്ത് റോഡുകളുടെ വർക്കുകൾ കൺവീനർമാർക്കാണ് കൈമാറുന്നത്. മതിയായ രീതിയിൽ മെറ്റലിംഗ് നടത്തി തറയുറപ്പ് വരുത്താതെയാണ് റോഡ് ടാറിടുന്നത്. ഇക്കാരണത്താൽ മഴയത്ത് അനുഭവപ്പെടുന്ന വെള്ളപ്പാച്ചിലിൽ റോഡ് തകരുകയാണ്.
മുതുക്കുളം –കോഴോട് പാലത്തേക്ക് കടന്നുപോകുന്ന റോഡിന്റെ ഇരുഭാഗവും കാട് പിടിച്ച നിലയിലാണ്
ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചതിനാൽ കൂടുതൽ വൈദ്യുത തൂണുകൾ സ്ഥാപിക്കണമെന്നാവശ്യം.
പഞ്ചായത്ത് റോഡുകളുടെ ചുമതല എൽ.എസ്.ജി.ഡി സെക്ഷനാണ് നിർവഹിക്കുന്നത്.
പഞ്ചായത്തിൽ തന്നെ മിക്ക ഗ്രാമീണ റോഡുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
റോഡ് ഉടൻ നവീകരിക്കണം
മുതുക്കുളം -കോഴോട് പാലത്തേക്ക് കടന്നുപോകുന്ന പഞ്ചായത്ത് റോഡ് അടിയന്തരമായി നവീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. മഴ കനത്താൽ നിലവിൽ തകർന്ന റോഡിന്റെ മറ്റ് ഭാഗങ്ങളിലെ ടാറിംഗ് പൂർണമായി ഒലിച്ചുപോകും. കുഴി രൂപപ്പെട്ട ഭാഗങ്ങളിൽ മെറ്റലിംഗ് നടത്തി താത്കാലിക പരിഹാരം കാണണം.
കോട്ടുകാൽക്കോണം മണി, ജനതാദൾ(എസ്) ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്