തിരുവനന്തപുരം:റേഷൻ വിതരണത്തിനുള്ള അരി സ്വകാര്യ ഗോഡൗണുകളിലേക്ക് കടത്തിയ ശേഷം പകരം ഭക്ഷ്യസുരക്ഷാ ഗോഡൗണുകളിലെ ഉപയോഗശൂന്യമായ അരി ചാക്കുകളിൽ നിറച്ച് കുത്തിക്കെട്ടി റേഷൻ കടകളിൽ എത്തിക്കുന്നതായി വിജിലൻസ് വിഭാഗത്തിന് സൂചന കിട്ടി. റേഷൻ കടകളിൽ എത്തുന്ന ഒരു ലോഡ് അരിയിൽ 10 മുതൽ 12 വരെ ചാക്കുകൾ ഇങ്ങനെ കുത്തിക്കെട്ടിയതായിരിക്കും.
പൊതുവിതരണം സുതാര്യവും കാര്യക്ഷമവുമാക്കാൻ മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുമ്പോഴാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തുന്നത്. വലിയതുറ ഗോഡൗൺ സന്ദർശിച്ച മന്ത്രി, കുത്തിക്കെട്ടി വച്ചിരുന്ന ചാക്കുകൾ മാറ്റിവയ്‌ക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ കുത്തിക്കെട്ടിയ അരി മറ്റ് ഗോഡൗണുകളിൽ നിന്ന് ഇപ്പോഴും എത്തുന്നുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
എഫ്.സി.ഐയിൽ നിന്നെത്തുന്ന അരിയിൽ സ്വകാര്യ ഗോഡൗണുകളിലേക്ക് കടത്തുന്നത് കരിഞ്ചന്തയിൽ വിൽക്കും. പകരം ഗോഡൗണുകളിൽ നിന്ന് തൂത്തുവാരി തുന്നിക്കെട്ടി റേഷൻ കടകളിലെത്തിക്കുന്ന അരിയിൽ ചത്ത എലി മുതൽ മൃഗങ്ങളുടെ കാഷ്ടം വരെ കാണും. എഫ്.സി.ഐയുടെ മുദ്ര ഇല്ലാത്ത ചാക്കുകൾ വ്യാപാരികൾ കൈപ്പറ്റരുതെന്ന് സർക്കാർ നിർദ്ദേശമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അരി റേഷൻകടകളിൽ ഇറക്കാൻ വ്യാപാരികൾ തയ്യാറായില്ലെങ്കിൽ ഭീഷണിയുമായി ഉദ്യോഗസ്ഥർ തന്നെ എത്തും.
എറണാകുളത്തെ റേഷൻ കടകളിൽ മോശം അരി എത്തിയതിനെ തുടർന്ന് കൊച്ചി, അങ്കമാലി എഫ്.സി.ഐ ഗോഡൗണുകളിൽ അഡിഷണൽ ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഏറ്റവും കൂടുതൽ പരാതികളുയർന്ന തിരുവനന്തപുരം ജില്ലയിൽ പരിശോധന വെറും ചടങ്ങായി പോകുന്നു.
പരാതിപ്പെട്ട വ്യാപാരിക്ക് പിഴ!
300 കിലോ മോശം പുഴുക്കലരിയാണ് കുത്തിക്കെട്ടിയ ചാക്കുകളിൽ ചിറയിൻകീഴിലെ ഒരു റേഷൻ കടയിൽ ഇറക്കിയത്. ഈ ചാക്കുകൾ കടയിൽ സൂക്ഷിക്കാനാവില്ലെന്ന് വ്യാപാരി അറിയിച്ചെങ്കിലും കരാറുകാരൻ സമ്മതിച്ചില്ല. തുടർന്ന് റേഷൻ ഇൻസ്പെക്ടർ കടയിലെത്തി പരിശോധിച്ച് 300 കിലോ അരിയും വിതരണയോഗ്യമല്ലെന്ന് എഴുതി നൽകി. എന്നാൽ രണ്ട് മാസത്തിന് ശേഷം, ഈ ചാക്കുകൾ കടയിലിരുന്ന് നശിച്ചതാണെന്നു പറഞ്ഞ് വ്യാപാരിയിൽ നിന്ന് 22,217 രൂപ പിഴ ഈടാക്കി. ഇതിനെതിരെ വ്യാപാരി മന്ത്രിക്കും സിവിൽ സപ്ലൈസ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്.