തിരുവനന്തപുരം: മന്ത്രിസഭായോഗം ചേരുന്നതിന് തൊട്ടുതലേന്ന് മുതിർന്നവർ തൊട്ട് ഏഴ് ജില്ലാ കളക്ടർമാർ വരെയുള്ള 35 ഐ.എ.എസ് ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ച് പൊതുഭരണവകുപ്പിന്റെ അസാധാരണനീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഈ തീരുമാനമെടുത്തത്. ഐ.എ.എസുകാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും മുഖ്യമന്ത്രിക്ക് പൂർണഅധികാരമുണ്ടെന്നാണ് ചട്ടമെങ്കിലും മന്ത്രിസഭായോഗം പരിഗണിക്കുന്ന കീഴ്‌വഴക്കമുണ്ടാകാറുണ്ട്. അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രി നിയമനം നടത്തിയാലും പിന്നീട് അദ്ദേഹം തന്നെ മന്ത്രിസഭയെ ബോദ്ധ്യപ്പെടുത്തുന്നതും കീഴ്‌വഴക്കമാണ്. ഇത്തവണ അതുണ്ടാകാതിരുന്നതാണ് അസാധാരണ നടപടിയായി വിലയിരുത്തപ്പെട്ടത്.
പ്രധാന ഘടകകക്ഷി മന്ത്രിമാരുമായി അടക്കം മുഖ്യമന്ത്രി കൂടിയാലോചിച്ച് അവരുടെ കൂടി താത്പര്യം മാനിച്ചാണ് ഉത്തരവിറക്കിയതെന്നാണ് വിവരം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാനിടയുള്ളതിനാൽ ജില്ലാ കളക്ടർമാരുടെ സ്ഥലംമാറ്റം സമീപകാലത്തൊന്നും പരിഗണിച്ചിരുന്നില്ല. കൊവിഡ് രണ്ടാം തരംഗം ഒന്നടങ്ങിത്തുടങ്ങിയ സാഹചര്യത്തിലാണ് കളക്ടർമാരെ മാറ്റിയത്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടന്ന സാഹചര്യത്തിൽ ബുധനാഴ്ച മന്ത്രിസഭായോഗം ചേർന്നിരുന്നില്ല. ഇന്നലെ മന്ത്രിസഭായോഗം ചേർന്നപ്പോഴും വിഷയം പരാമർശിക്കപ്പെട്ടില്ല. ധൃതിപ്പെട്ട് ബുധനാഴ്ച രാത്രിയിൽ നിയമന ഉത്തരവിറക്കിയത് സർക്കാർവൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയ്ക്ക് ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പിലേക്ക് നൽകിയ മാറ്റമാണ് പ്രധാനം. മാറ്റം ആവശ്യപ്പെട്ട് മീണ നേരത്തേ നൽകിയ അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കുകയും പകരം സഞ്ജയ് എം. കൗളിനെ നിയമിക്കാമെന്ന് സംസ്ഥാനസർക്കാർ അറിയിക്കുകയുമായിരുന്നു. സഞ്ജയ് എം. കൗളിന്റെ നിയമനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കേണ്ടതുണ്ട്.
ആരോഗ്യവിദ്യാഭ്യാസത്തിന്റെയും ആരോഗ്യസർവകലാശാലയുടെയും ചുമതല അഡിഷണൽ ചീഫ്സെക്രട്ടറി ഡോ. ആശ തോമസിന് നൽകിയതാണ് മറ്റൊരു നിർണായകമാറ്റം. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെയാണ് ആരോഗ്യവിദ്യാഭ്യാസവും കൈകാര്യം ചെയ്തിരുന്നത്. കൊവിഡ് സാഹചര്യത്തിൽ ജോലിക്കൂടുതലായതിനാൽ ആരോഗ്യ കുടുംബക്ഷേമത്തിന്റെ സ്വതന്ത്ര ചുമതല മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിനുള്ളത്.