തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതിയിലേക്ക് നഗരസഭയിൽ നിന്ന് മൂന്ന് കൗൺസിലർമാരെ തിരഞ്ഞെടുത്തു. സി.പി.എം കൗൺസിലർ മേടയിൽ വിക്രമൻ, സി.പി.ഐ പ്രതിനിധി രാഖി രവികുമാർ, ബി.ജെ.പി കൗൺസിലർ മഞ്ജു .ജി.എസ്. എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ.
ജില്ലാ കളക്ടർ നവജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും മത്സരിച്ചിരുന്നു. ഒറ്റക്കൈമാറ്റ വോട്ട് രീതിയിൽ നടത്തിയ തിരഞ്ഞെടുപ്പിൽ മേടയിൽ വിക്രമന് -54, ബി.ജെ.പിയിലെ തിരുമല അനിലിന്- 35, കോൺഗ്രസിലെ സുരേഷ് കുമാറിന് -10 എന്നിങ്ങനെ വോട്ട് ലഭിച്ചു. വനിതാ വിഭാഗത്തിൽ മത്സരിച്ച രാഖി രവികുമാറിന് -48, മഞ്ജു.ജി.എസിന് - 35, ജനതാദളിലെ സിന്ധു വിജയൻ -6, കോൺഗ്രസിലെ സെറാഫിൻ ഫ്രെഡി - 5, മേരി പുഷ്പം-5 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷനായ ആസൂത്രണ സമിതിയിൽ 15 അംഗങ്ങളാണുള്ളത്.