soorya

തിരുവനന്തപുരം: മന്ത്രി ഇടപെട്ടപ്പോൾ സാങ്കേതിക തടസങ്ങൾ വഴിമാറി. കരകുളം യു.പി സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥി സൂര്യയുടെ വീട്ടിലേക്ക് ഇന്നലെ വെളിച്ചവുമായി വൈദ്യുതിയെത്തി. പിന്നാലെ സൂര്യയ്ക്ക് പഠിക്കാൻ പഠനോപകരണങ്ങളും ഒപ്പം ഒരു ഭക്ഷ്യക്കിറ്റുമെത്തി.

മന്ത്രി ജി.ആർ. അനിലാണ് സൂര്യയ്ക്ക് സഹായവുമായി രംഗത്തിറങ്ങിയത്. കൊവിഡ് മൂലം സ്കൂൾ അടച്ചതോടെ അടച്ചുറപ്പില്ലാത്ത വീട്ടിലെ ഇരുട്ടിൽ കഴിഞ്ഞിരുന്ന സൂര്യയ്ക്ക് പഠിക്കാൻ വഴിയില്ലാതായി. സംഭവമറിച്ച അദ്ധ്യാപകനാണ് വിവരം മന്ത്രിയെ അറിയിച്ചത്. വൈദ്യുതി കണക്ഷൻ നൽകുന്നതിനുളള സാങ്കേതിക സുരക്ഷാസൗകര്യങ്ങളില്ലാതിരുന്നതാണ് വൈദ്യുതി ലഭിക്കുന്നതിന് തടസമായത്. കരകുളം പഞ്ചായത്തിലെ പ്ലാത്തറ ആറന്നൂർക്കോണം സൂര്യഭവനിൽ സജു-സുഷ ദമ്പതികളുടെ മകളാണ് സൂര്യ. വീടിന് താത്കാലിക ചുമരുകൾ കെട്ടി തടസങ്ങൾ മറികടന്നാണ് രണ്ടുവൈദ്യുതി പോസ്റ്റുകളിട്ട് കണക്ഷൻ നൽകിയത്. സ്‌കൂൾ പി.ടി.എ സൂര്യയ്ക്ക് മൊബൈൽ ഫോൺ വാങ്ങിനൽകി. വയറിംഗ് സാമഗ്രികൾ വാങ്ങി വയറിംഗ്‌ ജോലികൾ സ്ഥലത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ചെയ്തത്. കെ.എസ്.ഇ.ബി പേരൂർക്കട മേജർ സെക്ഷനിലെ ജീവനക്കാർ വൈദ്യുതി കണക്ഷൻ നൽകി. മന്ത്രി ജി.ആർ. അനിൽ വൈദ്യുതി കണക്ഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി,​ വൈസ് പ്രസിഡന്റ് ടി. സുനിൽ കുമാർ,​ മെമ്പർമാരായ വി. രാജീവ്, ഒ. പ്രഭകുമാരി, എസ്. രാജപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു.