rsp

 ഉഭയകക്ഷി ചർച്ചയാവശ്യപ്പെട്ട് കോൺഗ്രസിന് കത്ത് നൽകും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മുന്നണി മാറുന്നത് യുക്തിസഹമല്ലെന്ന് വിലയിരുത്തി യു.ഡി.എഫിൽതന്നെ ഉറച്ചുനിൽക്കാൻ ആർ.എസ്.പി സംസ്ഥാനകമ്മിറ്റി യോഗത്തിന്റെ തീരുമാനം. കഴിഞ്ഞ സംസ്ഥാനകമ്മിറ്റി യോഗത്തിൽ മുന്നണി വിടണമെന്ന ആവശ്യം ഭൂരിഭാഗം പേരും ഉയർത്തിയിരുന്നു. എന്നാൽ പ്രായോഗിക സമീപനം മുന്നണി വിടാതിരിക്കലാണെന്ന ധാരണയിലേക്ക് ഇന്നലെ ചേർന്ന യോഗം എത്തുകയായിരുന്നു. പാർട്ടി പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത് പ്രാദേശികതല തിരഞ്ഞെടുപ്പുകളിലടക്കം മതിയായ പ്രാതിനിദ്ധ്യം ഉറപ്പാക്കാനായി ഉഭയകക്ഷി ചർച്ച നടത്താനാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകാനും സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചു.

മുന്നണിയുടെ കെട്ടുറപ്പിന് ദോഷകരമായ തീരുമാനങ്ങൾ തിരുത്തണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടും. ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷവും പാർട്ടിക്ക് മതിയായ പരിഗണന കിട്ടാതിരുന്നാൽ മാത്രമേ മറ്റ് ആലോചനകളിലേക്ക് നീങ്ങേണ്ടതുള്ളൂ എന്നാണ് ധാരണ. കേവലമായ തിരഞ്ഞെടുപ്പ് തോൽവി മുന്നണി മാറ്റത്തിന് കാരണമല്ലെന്ന് യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരെ പ്രവർത്തിച്ചവർക്ക് പദവികൾ നൽകുന്നത് മുന്നണിക്ക് ഗുണകരമല്ലെന്ന വിമർശനമുയർന്നു. വിജയപ്രതീക്ഷയുണ്ടായിരുന്ന ചവറയിൽ പോലും യു.ഡി.എഫിനെതിരെ പ്രവർത്തിച്ചയാളെ അവിടെ മുന്നണിയുടെ ചെയർമാനാക്കിയത് മുന്നണിയുടെ കെട്ടുറപ്പിന് ഗുണകരമാകില്ല. ഇത്തരം നടപടികൾ തിരുത്തണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.

പാർട്ടി ഇടതുമുന്നണിയിലായിരുന്നപ്പോൾ കിട്ടിയതിനേക്കാൾ പരിഗണന യു.ഡി.എഫിൽ നിന്ന് കിട്ടുന്നുവെന്ന് ഷിബു ബേബിജോൺ യോഗത്തിൽ ചൂണ്ടിക്കാട്ടി. യു.ഡി.എഫിൽ വന്ന ശേഷമാണ് പാർട്ടിക്ക് ഒരു എം.പി സ്ഥാനം ലഭിച്ചത്. ചില സമൂഹ മാദ്ധ്യമങ്ങളാണ് തന്നെയിപ്പോൾ ഇടതുമുന്നണിയിലെത്തിച്ചിരിക്കുന്നത്. മുന്നണി മാറ്റം പാർട്ടി ആലോചിക്കേണ്ട കാര്യമേയില്ല. ഇടതുസർക്കാരിനെതിരെ ശക്തമായ സമരത്തിന് യു.ഡി.എഫ് മുന്നോട്ട് വരണമെന്നും ഷിബു ആവശ്യപ്പെട്ടു.

ഓഗസ്റ്റിൽ കൊല്ലത്ത് നടത്താനിരുന്ന 500 പേരെ പങ്കെടുപ്പിച്ചുള്ള പ്രവർത്തകസമ്മേളനം കൊവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കും. പകരം ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യത്തിലോ മൂന്ന് മേഖലകളിലായി സമ്മേളനം ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ചുമതലപ്പെടുത്തിയ പാർട്ടി സമിതിയുടെ റിപ്പോർട്ട് അടുത്ത സംസ്ഥാന കമ്മിറ്റിയിൽ സമർപ്പിക്കാനും തീരുമാനിച്ചു.