lapland

കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ താപനിലയിലെ റെക്കോർഡ് ഉയർച്ചയും കൊടുംചൂടിലെ മരണങ്ങളും അടുത്തിടെയായി ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നവയിൽ ഒന്നാണ്. തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട, സഞ്ചാരികളുടെ സ്വപ്നഭൂമിയായ ഫിൻലൻഡ് അടക്കമുള്ള നോർഡിക് രാജ്യങ്ങളിലും റെക്കോർഡ് ചൂടാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

മഞ്ഞ് മൂടിയ മനോഹരമായ പ്രദേശങ്ങളും തടാകങ്ങളും രാത്രികാലങ്ങളിൽ ആകാശത്ത് പച്ചയും നീലയും ചുവപ്പും നിറത്തിൽ കണ്ണിന് വിസ്മയം തീർക്കുന്ന നോർത്തേൺ ലൈറ്റ്സും അടക്കം നിരവധി അത്ഭുതകാഴ്ചകളുടെ ഭൂമിയായ ഫിൻലൻഡ് ' സാന്താക്ലോസിന്റെ നാട് " എന്നാണ് അറിയപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഫിൻലൻഡിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ലാപ്‌ലാൻഡ് മേഖലയിൽ രേഖപ്പെടുത്തിയ താപനില 92.3 ഡിഗ്രി ഫാരൻഹീറ്റാണ് ( 33.5 ഡിഗ്രി സെൽഷ്യസ് ). സാന്താക്ലോസ് ജീവിക്കുന്ന നാടായാണ് ലാപ്‌ലാൻഡ് അറിയപ്പെടുന്നത്. ക്രിസ്മസ് സീസണിൽ ലാപ്‌ലാൻഡിൽ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളെത്തിയിരുന്നു. ഫിൻലൻഡിൽ ഇപ്പോൾ വസന്തകാലമാണ്.

സാധാരണ വസന്തകാലത്ത് 60 മുതൽ 68 ഡിഗ്രി ഫാരൻഹീറ്റ് വരെ ഇവിടെ രേഖപ്പെടുത്താറുണ്ട്. എന്നാൽ, 1914 ജൂലായിൽ 34.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ താപനിലയിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

അതേ സമയം, ഫിൻലൻഡിന് പുറമേ മറ്റ് നോർഡിക് രാജ്യങ്ങളിലും അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. നോർവെയിൽ ആർട്ടിക് സർക്കിളിനോട് ചേർന്നുള്ള സാൾട്ട്‌ഡാൽ കൗണ്ടിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് താപനിലയായ 93.2 ഡിഗ്രി ഫാരൻഹീറ്റ് ( 34 ഡിഗ്രി സെൽഷ്യസ് ) ആണ്. അയൽരാജ്യമായ സ്വീഡനിലേയും സ്ഥിതി ഇതുപോലൊക്കെയാണ്. ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷമാണ് നോർഡിക് രാജ്യങ്ങളിലെ താപനില മറ്റ് രാജ്യങ്ങളിലേത് പോലെ ഉയരുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാകങ്ങളായാണ് വർദ്ധിച്ചുവരുന്ന താപനിലയെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. വരും വർഷങ്ങളിലും ചൂട് അസാധാരണമായി കൂടിയേക്കാമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.