vaccine

ലോകത്ത് ആദ്യമായി എയ്‌ഡ്‌സ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട് 40 വർഷങ്ങൾക്ക് ശേഷം എച്ച്.ഐ.വിയ്‌ക്കെതിരെയുള്ള പ്രതിരോധ വാക്‌സിന്റെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു. ബ്രിട്ടണിലെ ഓക്‌സ്‌ഫഡ് യൂണിവേ‌ഴ്‌സിറ്റിയിലാണ് എയ്‌ഡ്‌സിന് കാരണക്കാരായ ഹ്യൂമൻ ഇമ്മ്യുണോഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്.ഐ.വിയ്‌ക്കെതിരെയുള്ള വാക്‌സിന്റെ ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ ഈ ആഴ്ച ആരംഭിച്ചിരിക്കുന്നത്. HIVconsvX എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ രോഗപ്രതിരോധശേഷി, ഫലപ്രാപ്‌തി, സുരക്ഷ തുടങ്ങിയവ സംബന്ധിച്ചാണ് ആദ്യ ഘട്ട ട്രയൽ നടക്കുന്നത്.

യൂറോപ്യൻ എയ്‌ഡ്‌സ് വാക്‌സിൻ ഇനിഷ്യേറ്റീവിനോടനുബന്ധിച്ച് നടത്തുന്ന ട്രയലിനായി എച്ച്.ഐ.വി നെഗറ്റീവായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്ത 18നും 65നും ഇടയിൽ പ്രായമുള്ള 13 പേരെയാണ് വോളന്റിയർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരിൽ വാക്‌സിന്റെ ഡോസ് കുത്തിവയ്ക്കും. നാല് ആഴ്‌ചകൾക്ക് ശേഷം ഇവർക്ക് ഒരു ബൂസ്‌റ്റർ ഡോസ് കൂടി നൽകും. ശേഷം ഇവരുടെ രക്ത സാമ്പിളുകൾ ശേഖരിച്ച് പ്രതിരോധ വ്യവസ്ഥയിലുണ്ടായ പ്രതികരണം നിരീക്ഷിക്കും. എച്ച്.ഐ.വി പോസിറ്റീവായവരെ ഇതിന് ശേഷമാണ് ട്രയലിന്റെ ഭാഗമാക്കുക.

മനുഷ്യരിലുള്ള ആദ്യഘട്ട ട്രയലിന്റെ ഫലം അടുത്ത വർഷം ഏപ്രിൽ മാസത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. വിജയകരമാണെങ്കിൽ കൂടുതൽ പേരിൽ ട്രയൽ നടത്തും. എച്ച്.ഐ.വി ബാധ ഏറ്റവും കൂടുതലുള്ള കെനിയ, സാംബിയ, ഉഗാണ്ട എന്നിവിടങ്ങളിലും വാക്‌സിന്റെ ഫലപ്രാപ്‌തി പരീക്ഷിക്കും. എച്ച്.ഐ.വി നെഗറ്റീവായവരിൽ രോഗപ്രതിരോധത്തിനും പോസിറ്റീവായവർക്ക് രോഗം ഭേദമാക്കാനും കഴിയുന്ന തരത്തിലാണ് വാക്‌സിന്റെ നിർമ്മിതിയെന്ന് ഗവേഷകർ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആരോഗ്യവിദഗ്ദ്ധർ കഴിഞ്ഞ നാല് ദശാബ്‌ദ‌മായി എച്ച്.ഐ.വി വാക്‌സിനായുള്ള പരിശ്രമത്തിലാണ്. 1981ൽ അമേരിക്കയിലാണ് ആദ്യമായി എയ്‌ഡ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നേരത്തെയും എച്ച്.ഐ.വി വാക്‌സിനുകളുടെ പരീക്ഷണം നടന്നിട്ടുണ്ടെങ്കിലും ഫലപ്രദമായ ഒന്ന് വികസിപ്പിക്കാനായിട്ടില്ല.

ഈ വാക്‌സിനുകളെല്ലാം B - സെല്ലുകളിൽ നിന്ന് ആന്റിബോഡികൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിപ്പിച്ചത്. എന്നാലിപ്പോൾ, മനുഷ്യശരീരത്തിലെ പ്രതിരോധ വ്യവസ്ഥയിൽ രോഗാണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ള T - സെല്ലുകളെ ഉത്തേജിപ്പിക്കുക എന്നതാണ് HIVconsvX ന്റെ ലക്ഷ്യം. എച്ച്.ഐ.വി ബാധിച്ച ഒരു മനുഷ്യനിൽ പ്രതിരോധശേഷി നഷ്‌ടപ്പെടുന്നതോടെയാണ് അതിസങ്കീർണമായ എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാകുന്നത്.