toras

വിതുര: അന്യ സംസ്ഥാനത്തു നിന്ന് എത്തിയ ടോറസ് ലോറി വൈദ്യുതി ലൈനിൽ കുരുങ്ങി ലൈൻകമ്പി പൊട്ടി. ഇന്നലെ രാവിലെ തമിഴ്നാട്ടിൽ നിന്ന് മെറ്റീരിയൽസുമായി വിതുര ഐസറിലേക്ക് പോകാൻ എത്തിയ ടോറസാണ് പൊൻമുടി - തിരുവനന്തപുരം സംസ്ഥാന പാതയിലെ വിതുര വേളാങ്കണ്ണി പള്ളിക്ക് സമീപം വൈദ്യുതി ലൈനിൽ കുരുങ്ങിയത്. തുടർന്ന് ലൈൻ പൊട്ടി വീഴുകയും, പോസ്റ്റുകൾ നിലം പൊത്തുകയും ചെയ്തു. ലൈൻ കമ്പികൾ പൊട്ടിവീണത് മൂലം ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. വൈദ്യുതാഘാതമേൽക്കാതെ യുവാക്കൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കാറിനും കേടുപാടുണ്ടായി. സംഭവം നടന്നയുടൻ വൈദ്യുതി വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവത്തെ തുടർന്ന് വിതുര - നെടുമങ്ങാട് റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് വിതുരയിലേക്ക് സാധനങ്ങളുമായി അനവധി ടോറസ് ലോറികൾ എത്തുന്നുണ്ട്. ഇത്തരം ലോറികൾ വൈദ്യുതി ലൈനിൽ കുരുങ്ങി ലൈൻ പൊട്ടുന്നത് പതിവായിട്ടുണ്ട്.