photo

എയ്‌ഡഡ് കോളേജുകളിൽ ലഭ്യമായ തൊഴിൽ അവസരങ്ങളിൽ ജാതിമത സാമ്പത്തിക അടിസ്ഥാനത്തിലുള്ള ചൂഷണവും അസമത്വങ്ങളും വളരെ വലുതാണെന്നതാണ് വാസ്‌തവം. ഈ വിഷയം പരിശോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 163 ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ വിവരാവകാശ നിയമ പ്രകാരം പ്രതികരിച്ച 36 സ്ഥാപനങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്. ഈ 36 കോളേജുകളിൽ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരിൽ 1267 പേരുടെ വിവരങ്ങളും നോക്കാം. വിവിധ വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള കോളേജുകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ എണ്ണവും ശ്രദ്ധിക്കേണ്ടതാണ്.

പട്ടിക 1 : എയ്‌ഡഡ് കോളേജുകളിലെ ജീവനക്കാരുടെ എണ്ണം

മാനേജ്‌മെന്റ് - ജീവനക്കാർ


ഹിന്ദു ക്രിസ്ത്യൻ മുസ്ളിം ആകെ

ഹിന്ദു 681 (98) 13 (1.9) 1 (0.1) 695 (100)

ക്രിസ്ത്യൻ 58 (12.2) 416 (87.6) 1 (0.2) 475 (100)

മുസ്ളിം 9 (20.5) 4 (9.1) 31 (70.4) 44 (100)

മറ്റുള്ളവ 38 (71.7) 13 (24.5) 2 (3.8) 53 (100)

ആകെ 786 (62) 446 (35.2) 35 (2.8) 1267 (100)

ഉറവിടം: പ്രൈമറി സർവേ, 2020 -

ബ്രാക്കറ്റിൽ ശതമാനം

പട്ടികയിൽ കാണുന്നതുപോലെ എൻ.എസ്.എസ്, എസ്.എൻ, ദേവസ്വം ബോർഡ് മുതലായ ഹിന്ദു മാനേജ്‌മെന്റുകളിലെ ജീവനക്കാരിൽ 98 ശതമാനവും, ക്രിസ്ത്യൻ മാനേജുമെന്റുകളിൽ 87.6 ശതമാനവും, മുസ്ളിം മാനേജ്‌മെന്റുകളിൽ 70.4 ശതമാനവും അതായത് സമുദായത്തിൽ നിന്നുള്ള ജീവനക്കാരാണ്. ഹിന്ദു മാനേജ്‌മെന്റുകളിൽ മറ്റ് സമുദായക്കാർ വെറും രണ്ട് ശതമാനവും, ക്രിസ്ത്യൻ മാനേജ്‌മെന്റുകളിൽ 12.4 ശതമാനവും മുസ്ളീങ്ങളുടേതിൽ 29.6 ശതമാനവും ആണ്. എല്ലാ മാനേജ്‌മെന്റുകളെയും കൂട്ടിയുള്ള വിശകലനത്തിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ളിം ജീവനക്കാരുടെ പ്രാതിനിദ്ധ്യം യഥാക്രമം 62, 35.2, 2.8 ശതമാനമാണ്.

റിസർവേഷൻ വിഭാഗത്തിൽ (പട്ടിക 2) ഹിന്ദു, ക്രിസ്ത്യൻ, ഹിന്ദു, മുസ്ളിം മാനേജ്‌മെന്റ് കോളേജുകളിൽ യഥാക്രമം 85.5, 93.9, 15.9 ശതമാനം ജീവനക്കാർ ജനറൽ കാറ്റഗറിയിൽ ഉള്ളവരാണെന്ന് കാണുന്നു. ഒ.ബി.സി പ്രാതിനിദ്ധ്യം ഹിന്ദു, ക്രിസ്ത്യൻ, മുസ്ളിം മാനേജ്‌മെന്റുകളിൽ യഥാക്രമം 12.4, 4.6, 81.8 ശതമാനമാണ്. ഒ.ഇ.സി, എസ്.സി, എസ്.ടി വിഭാഗങ്ങളുടെ സാന്നിദ്ധ്യം വെറും രണ്ട് ശതമാനം മാത്രമാണ്. 1267 ജീവനക്കാരിൽ ഒരു എസ്.ടി മാത്രമാണ് ഉള്ളത്. ആകെ ജീവനക്കാരിൽ 84.6 ശതമാനം ജനറൽ കാറ്റഗറിയും 13.4 ശതമാനം ഒ.ബി.സിയും ആണ്. തികഞ്ഞ സാമൂഹിക അസമത്വം വെളിവാക്കുന്നതാണ് ഈ കണ്ടെത്തലുകൾ.

പട്ടിക 2 എയ്‌ഡഡ് കോളേജുകളിലെ ജീവനക്കാർ സംവരണ വിഭാഗ ക്രമത്തിൽ

മാനേജ്‌‌മെന്റ് ജനറൽ ഒ.ബി.സി ഒ.ഇ.സി എസ്.സി എസ്.ടി ആകെ

ഹിന്ദു 594 (25.5) 86 (12.4) 5 (0.7) 9 (1.3) 1 (0.1) 695 (100)

ക്രിസ്ത്യൻ 446 (73.9) 22 (4.6) 1 (0.2) 6 (1.3) 0 475 (100)

മുസ്ളിം 7 (15.9) 36 (81.8) 0 1 (2.3) 0 44 (100)

മറ്റുള്ളവ 25 (47.2) 26 (49.1) 0 2 (3.8) 0 53 (100)

ആകെ 1072 (84.6) 170 (13.4) 6 (0.5) 18 (1.4) 1 (0.1) 1267 (100)

ഉറവിടം: പ്രൈമറി സർവേ 2020. ബ്രാക്കറ്റിൽ ശതമാനം.

മതാടിസ്ഥാനത്തിലുള്ള കോളേജുകളിൽ ആ മതത്തിൽപ്പെട്ട ജീവനക്കാരാണ് ഏറിയ പങ്കും. ഇത് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 16ന്റെ നഗ്നമായ ലംഘനമാണ് കാണിക്കുന്നത്. സർക്കാർ ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് നടത്തപ്പെടുന്ന എയ്‌ഡഡ് കോളേജുകളിൽ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള ഈ പ്രീണനം സാമൂഹിക സന്തുലനത്തെ ഗൗരവമായി തർക്കാൻ ഇടയാക്കുന്നതാണ്. 2018 / 19 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവഴിച്ച 2697 കോടി രൂപയിൽ 37 ശതമാനവും എയ്‌ഡഡ് കോളേജുകൾക്കുള്ള ഗ്രാന്റായിരുന്നു. സമുദായത്തിനകത്ത് തന്നെ സമ്പന്നർക്ക് മാത്രമേ എയ്‌ഡഡ് കോളേജുകളിലെ ജോലികൾ പ്രാപ്യമാകുന്നുള്ളൂ എന്ന് കാണാൻ കഴിയും.

സർക്കാർ കോളേജുകളിൽ നിയമനത്തിന് പി.എസ്.സിയുടെ ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞ് ജോലി നേടുമ്പോൾ എയ്‌ഡഡ് സ്ഥാപനങ്ങളിൽ പണവും പ്രഹസനം മാത്രമായ ഇന്റർവ്യൂവും ആണ് മാനദണ്ഡങ്ങൾ. ഈ കച്ചവടത്തിൽ എല്ലാം നഷ്ടമാകുന്നത് അധഃകൃത പിന്നാക്ക ദരിദ്രവിഭാഗങ്ങൾക്കാണ്. നെറ്റും, എം.ഫില്ലും, പിഎച്ച്.ഡിയും കരസ്ഥമാക്കി നില്ക്കുന്ന അനേകം ദരിദ്ര‌നാരായണൻമാർക്ക് നേരെ കൊഞ്ഞനം കുത്തുന്ന രീതിയിൽ, നിയമന മാനദണ്ഡങ്ങൾ വളച്ചൊടിക്കുന്നു. ഇതിന് പുറമെ മതത്തിന്റെ സ്വാധീനം കൂടി ആകുമ്പോൾ സാധാരണക്കാരായ ഉദ്യോഗാർത്ഥിക്ക് എത്ര ബിരുദങ്ങളുണ്ടായാലും മതാധികാരത്തിന്റെ ചെങ്കോലും മടിശ്ശീലയിൽ പണത്തിന്റെ തൂക്കവും ഇല്ലാത്തിടത്തോളം കാലം പൊതുഖജനാവിലെ ഗ്രാന്റ് കൊണ്ട് നടത്തപ്പെടുന്ന എയ്‌ഡഡ് കോളേജിലെ ജോലികൾ ഒരു വിദൂരസ്വപ്നമായി തുടരും. സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ കുറച്ച് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം കൂടി ലക്ഷ്യംവച്ച് തുടങ്ങിയ എയ്‌ഡഡ് കോളേജുകളിലെ ജോലികൾ അതത് മാനേജ്‌മെന്റുകളെ പ്രതിനിധാനം ചെയ്യുന്ന സമ്പന്ന വർഗത്തിലേക്ക് ഒതുങ്ങുന്ന രീതി നീതികരിക്കാൻ കഴിയില്ല. എന്നാൽ കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 10 എണ്ണത്തോളം പണഭ്രമമില്ലാതെ നടത്തപ്പെടുന്നവയാണെന്നും ഇതോടൊപ്പം ഓർക്കണം.

യഥാർത്ഥത്തിൽ ശാക്തീകരണത്തിന് പൂർണ അർഹതയുള്ള പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥികളെ പൂർണമായും അവഗണിച്ചുകൊണ്ടാണ് ഈ സ്വകാര്യ മാനേജ്‌മെന്റുകൾ നീങ്ങുന്നത്. അടുത്തകാലത്തായി ചില മാനേജ്‌മെന്റുകൾ ജാതിമത പരിഗണനകൾ നോക്കി വിദ്യാർത്ഥികളുടെ അഡ്‌മിഷനിൽ പോലും വെള്ളം ചേർക്കുന്നുണ്ട്.

മേൽ സാഹചര്യങ്ങളെപ്പറ്റി പൊതുസമൂഹത്തിൽ നിരവധിയായ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിലേക്ക് സർക്കാരിന്റെ വർദ്ധിച്ച ഇടപെടൽ അനിവാര്യമാണ്. അധഃകൃത പിന്നാക്ക വിഭാഗങ്ങളിലെ അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ ക്രമാതീതമായി വർദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, എയ്‌ഡഡ് മാനേജ്‌മെന്റുകളെ നിയന്ത്രിച്ച് സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിയമനങ്ങൾ നടത്താൻ സർക്കാർ വഴിയൊരുക്കണം.

( ഡോ. അബ്ദുൽ സലീം കേരള സർവകലാശാലയിൽ സാമ്പത്തിക വിഭാഗം മുൻ മേധാവിയും ജിബിൻ ഫ്രാൻസിസ് ഗവേഷണ വിദ്യാർത്ഥിയുമാണ്.)