photo

പാലോട്: പാലോട് പൊലീസ് സ്‌റ്റേഷന്റെയും സിംഫണി ഗ്രന്ഥശാലയുടെയും മുന്നിലുള്ള റോഡിലെ വളവ് അപകടകെണിയായിട്ടും നടപടിയെടുക്കാതെ അധികൃതർ. കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരം ഭാഗത്തു നിന്നും പാലോടേക്ക് വന്ന കാർ അപകടത്തിൽപെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. പാലോട് പൊലീസ് സ്റ്റേഷന് മുന്നിലുള്ള എസ് വളവ് മാറിയാലേ അപകടത്തിൽ ഇനിയൊരു മോചനം ഉണ്ടാവുകയുള്ളൂ. കോടികൾ മുടക്കിയുള്ള റോഡ് പുനരുദ്ധാരണം നടന്നിട്ടും ഇത് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. സമീപത്തു തന്നെയുള്ള പേരക്കുഴി എൽ.പി സ്കൂൾ, വില്ലേജ് ഓഫീസ്, സർക്കാർ ആശുപത്രി, രജിസ്ട്രാർ ഓഫീസ്, പി.ഡബ്ലി.യു.ഡി ഓഫിസ്, പൊലീസ് സ്റ്റേഷൻ, സ്കൗട്ട് സെന്റർ എന്നിങ്ങനെ നിരവധിപേർ വന്നു പോകുന്ന പ്രധാനപാതയാണ് വഴിയാത്രക്കാരുടെ ജീവന് പോലും ഭീഷണിയുയർത്തുന്നത്. അധികാരികളുടെ അശ്രദ്ധ മൂലം നിരവധി ജീവനുകളാണ് ഇതിനിടയിൽ പൊലിഞ്ഞത്. അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തിരമായ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.