tapsi-pannu

വിവാഹം കഴിക്കാൻ മാതാപിതാക്കൾ നിർബന്ധിക്കുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി തപ്സി പന്നു. ഹസീൻ ദിൽറുബ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ നടന്ന അഭിമുഖത്തിലാണ് വിവാഹം കഴിക്കാനുള്ള സമ്മർദ്ദത്തെക്കുറിച്ച് തപ്സി തുറന്ന് പറഞ്ഞത്. താൻ ഒരിക്കലും വിവാഹിതയാകില്ലെന്ന പേടിയിലാണ് മാതാപിതാക്കളെന്നും അതുകൊണ്ട് എത്രയും വേഗം ആരെയെങ്കിലും കല്യാണം കഴിക്കാൻ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ തനിക്ക് കാഷ്വൽ റിലേഷൻഷിപ്പുകളിൽ താൽപര്യമില്ലെന്നും തപ്സി പറയുന്നു.

"ആരെയായാലും വേണ്ടില്ല, ദയവ് ചെയ്തു ഒരു കല്യാണം കഴിക്കാമോ എന്നാണ് അച്ഛനും അമ്മയും ചോദിച്ചുകൊണ്ടിരിക്കുന്നത്. ഞാൻ ജീവിതാവസാനം വരെ കല്യാണമേ കഴിക്കാതെ പോകുമോ എന്ന പേടിയാണ് അവർക്ക്. എന്റെ മാതാപിതാക്കൾക്ക് സമ്മതമല്ലാത്ത ഒരാളെ ഞാൻ വിവാഹം കഴിക്കില്ല. ഡേറ്റ് ചെയ്ത എല്ലാവരോടും ഞാൻ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കുന്നതിനെ ക്കുറിച്ച് ഞാൻ ആലോചിച്ചിട്ടുണ്ട്. വിവാഹം കഴിക്കാനുള്ള സാദ്ധ്യതയുണ്ടെങ്കിൽ മാത്രമേ അയാൾക്ക് വേണ്ടി എന്റെ സമയം ചെലവഴിക്കേണ്ടതുള്ളൂ എന്നാണ് ഞാൻ ഇപ്പോൾ കരുതാറുള്ളത്... " തപ്സി പറയുന്നു.

സിനിമയിൽ നിന്നുള്ളവരെ ഡേറ്റ് ചെയ്യാൻ ഇപ്പോൾ താൽപര്യമില്ലെന്ന് മറ്റൊരു അഭിമുഖത്തിൽ തപ്സി നേരത്തെ പറഞ്ഞിരുന്നു. പ്രൊഫഷണൽ ജീവിതവും വ്യക്തി ജീവിതവും വേർതിരിച്ചു തന്നെ നിർത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറയുന്നു.

എന്റെ പ്രൊഫഷണൽ ജീവിതത്തിൽ ഞാൻ ചില ലക്ഷ്യങ്ങൾ കണ്ടിട്ടുണ്ട്. അവയിലേക്ക് ഞാൻ എത്തുന്നതേയുള്ളൂ. അത് നേടിക്കഴിഞ്ഞാൽ ഒരുപക്ഷെ ഞാൻ വർക്ക് കുറയ്ക്കുമായിരിക്കും. വർഷത്തിൽ അഞ്ചോ ആറോ സിനിമകൾക്ക് പകരം ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം ചെയ്‌തേക്കാം. അതിനുശേഷം മാത്രമേ എനിക്ക് വ്യക്തി ജീവിതത്തിന് സമയം നൽകാൻ കഴിയൂവെന്നും തപ്സി പറയുന്നു.

തപ്സിയുടെതായി നിരവധി ചിത്രങ്ങളാണ് റിലീസിനും ഷൂട്ടിംഗ് പൂർത്തിയാകാനും കാത്തിരിക്കുന്നത്. ലൂപ്പ് ലപേട്ട, ശബാഷ് മിഥു, രശ്മി റോക്കറ്റ് എന്നിവയാണ് ഇക്കൂട്ടത്തിലെ പ്രധാന ചിത്രങ്ങൾ.