ബാലരാമപുരം: ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയം ജനാധിപത്യത്തോടുള്ള വെല്ലുവിളിയും ജനദ്രോഹവുമാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി. സുബോധൻ അഭിപ്രായപ്പെട്ടു. നികുതിയിനത്തിൽ സംസ്ഥാനത്തിന് കിട്ടുന്ന വിഹിതം ഉപേക്ഷിക്കാൻ തയ്യാറായ ഉമ്മൻചാണ്ടി സർക്കാരിന്റെ നയം പിണറായി മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് വെള്ളായണിമണ്ഡലം കമ്മിറ്റി പുന്നമൂട് പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മുത്തുകുഴി ജയൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കല്ലിയൂർ വിജയൻ, ഷീല, പെരിങ്ങമ്മല ബിനു, വാസു, അശോകൻ, സമ്പത്, സജി, ജയചന്ദ്രൻ നായർ, മോഹനചന്ദ്രൻ, റീജ തുടങ്ങിവർ സംസാരിച്ചു.