കല്ലമ്പലം: പോക്സോ കേസ് പ്രതിയായ വാർഡ് മെമ്പറിന്റെ രാജിക്കായി ബി.ജെ.പി നില്പ് സമരം നടത്തി. പോക്സോ കേസ് പ്രതിയായ നാവായിക്കുളം പഞ്ചായത്തിലെ മരുതികുന്ന് വാർഡ് മെമ്പർ പഞ്ചായത്തിലെ നാല് ജനറൽ കമ്മറ്റികളിലും പങ്കെടുക്കാതായിട്ടും നടപടിയെടുക്കാതെ പ്രതിയെ സംരക്ഷിക്കുന്ന ഭരണ സമിതി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തിയത്.
ഉദ്ഘാടനം വർക്കല മണ്ഡലം വൈസ് പ്രസിഡന്റും പാർലമെന്ററി പാർട്ടി ലീഡറുമായ പൈവേലിക്കോണം ബിജു നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജീവ് മുല്ലനല്ലൂർ, ബി.ജെ.പി നേതാക്കളായ നാവായിക്കുളം അശോകൻ, നിസാം, അനന്ത വിഷ്ണു, ബാബു, വിനോദ്, മണികണ്ഠൻ, അരുൺകുമാർ, ജിഷ്ണു, കുമാർ എന്നിവർ പങ്കെടുത്തു. പോക്സോ കേസ് പ്രതിയെ പുറത്താക്കും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി അറിയിച്ചു.