തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓൺലൈൻ പഠനത്തിന് 'ജി സ്യൂട്ട്' പ്ലാറ്റ്ഫോം സജ്ജമായി. ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള 47 ലക്ഷം കുട്ടികളെ പൊതുപ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഗൂഗിൾ ഇന്ത്യയുടെ സഹായത്തോടെ സൗജന്യമായി ഈ പ്ലാറ്റ്‌ഫോം ഒരുക്കിയത്. കൈറ്റിനാണ് പദ്ധതിയുടെ ചുമതല.
ആദ്യഘട്ടമായി പ്ലസ് ടു വിദ്യാർത്ഥികൾക്ക് ജി സ്യൂട്ട് പ്ലാറ്റ്‌ഫോമിൽ ട്രയൽ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. അദ്ധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ലോഗിൻ സംവിധാനമുണ്ടാകും. വ്യക്തിഗത വിവരങ്ങൾ ആരുമായും പങ്കിടില്ല. പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യുന്ന ഡേറ്റയുടെ മാസ്റ്റർ കൺട്രോൾ കൈറ്റിനാണ്. പരസ്യങ്ങൾ ഉണ്ടായിരിക്കില്ല.
വിഡിയോ കോൺഫറൻസിംഗിനുള്ള ഗൂഗിൾ മീറ്റ്, ക്ലാസ് റൂം ലേണിംഗ് മാനേജ്മെന്റ് സംവിധാനം, അസൈൻമെന്റ്, ക്വിസ് എന്നിവ നൽകാനും മൂല്യനിർണയം നടത്താനുമുള്ള സൗകര്യം, ഡേറ്റകൾ തയാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യം തുടങ്ങിയവ ജി സ്യൂട്ടിലുണ്ട്. വേർഡ് പ്രോസസിംഗ്, പ്രസേന്റഷൻ, സ്‌പ്രെഡ്ഷീറ്റ്, ഡ്രോയിംഗ് എന്നിവക്കുള്ള സംവിധാനവും ഫോം ആപ്ലിക്കേഷനും ഇതിന്റെ ഭാഗമാണ്. ക്ലാസിൽ മറ്റുള്ളവർക്ക് നുഴഞ്ഞുകയറാനാകില്ല. അനധികൃതമായി പ്രവേശിക്കുന്നവരെ നിരീക്ഷിക്കാനുമാകും.
അഡ്മിനിസ്ട്രേറ്റർമാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിങ്ങനെ ഓരോ വിഭാഗത്തിനും പ്രത്യേക പെർമിഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ക്ലാസുകൾ തിരിച്ചും വിഷയങ്ങൾ തിരിച്ചും സ്കൂൾ തലത്തിൽ കുട്ടികളുടെ ഗ്രൂപ്പുകൾ ഉണ്ടാക്കാനാകും. കുട്ടികൾ പാസ്‌വേർഡ് മറന്നുപോയാൽ അത് റീ സെറ്റ് ചെയ്ത് നൽകാനാകും. എടുക്കുന്ന ക്ലാസുകൾ തത്സമയം റെക്കാഡ് ചെയ്യാൻ സൗകര്യമുള്ളതിനാൽ പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ക്ലാസിന്റെ ലിങ്ക് നൽകാനും സാധിക്കും. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനുള്ള പരിശീലനം അദ്ധ്യാപകർക്കും കുട്ടികൾക്കും നൽകുന്നതാണ്. ജി സ്യൂട്ട് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.kite.kerala.gov.in എന്ന സൈറ്റിൽ ലഭിക്കും.