വെള്ളറട: മലയോരത്ത് കൊവിഡ് പ്രതിരോധ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ നടപടിയില്ല. വാക്സിൻ നൽകുന്ന കേന്ദ്രങ്ങളിൽ അർദ്ധരാത്രി മുതൽ ജനം വാക്സിനുവേണ്ടി കാവൽ നിൽക്കുന്നത് പലപ്പോഴും സംഘർഷങ്ങൾക്ക് വരെ ഇടയാക്കുന്നു. യാതൊരുവിധ സാമൂഹിക അകലവും പാലിക്കാതെയാണ് ജനങ്ങൾ തടിച്ചുകൂടുന്നത്. ഇത് വീണ്ടും രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന നിലയിലാണ്. കഴിഞ്ഞദിവസം വെള്ളറട ഗ്രാമപഞ്ചായത്തിലെ വാക്സിൻ വിതരണം പനച്ചമൂട് വ്യാപാര ഭവനിൽ വച്ചാണ് നടത്താൻ തീരുമാനിച്ചിരുന്നത്. 350 പേർക്ക് വാക്സിൻ നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പുലർച്ചെയായപ്പോൾ 2000 ത്തിലേറെ പേരാണ് തടിച്ചു കൂടിയത്. ആകെയുള്ള 350 ടോക്കണിൽ 125 എണ്ണവും ജനപ്രതിനിധികൾ അവർക്ക് വേണ്ടപെട്ടവർക്ക് നൽകി. അവശേഷിച്ച ടോക്കൺ വിതരണം ചെയ്താൽ ഇവിടെ സംഘർഷം നടക്കുമെന്ന് കണ്ടതോടെ പൊലീസിന്റെ നിർദ്ദേശപ്രകാരം വാക്സിൻ വിതരണം വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. ആകെ 250 പേർക്കാണ് വാക്സിൻ ഉള്ളത്. ഇതിൽ സെക്കൻഡ് ഡോസ് ഡേറ്റായവർക്കാണ് മുൻഗണന. എന്നാൽ സാധാരണ പെട്ടവർക്ക് ഇതുവരെയും ആദ്യ ഡോസ് വാക്സിൻ പോലും ലഭിച്ചിട്ടില്ല. ഇവർക്കും വാക്സിൻ നൽകുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് വ്യാപകമായ പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 23 വാർഡുകളുള്ള വെള്ളറട ഗ്രാമപഞ്ചായത്തിൽ ജന സാന്ദ്രത കണക്കിലാക്കി കൂടുതൽ വാക്സിൻ അനുവദിച്ച് ഓരോ വാർഡുകളിലും ഒന്നും രണ്ടും കേന്ദ്രങ്ങളിൽ വാക്സിൻ നൽകിയാൽ മാത്രമേ എല്ലാപേർക്കും വാക്സിൻ നൽകാൻ കഴിയുമായിരുന്നു. വാക്സിൻ കേന്ദ്രങ്ങളിലെ തിക്കും തരിക്കും നിയന്ത്രിക്കാനും കഴിയും.