അഞ്ചുതെങ്ങ്: ഗ്രാമ പഞ്ചായത്തിലെ തോണിക്കടവിന് സമീപം നിർമ്മാണം പൂർത്തിയാക്കിയ ഫിഷ്‌ലാൻഡിംഗ് സെന്റർ പണി പൂർത്തിയായി ആറുമാസത്തിനകം തകർന്നടിഞ്ഞതിനെതിരെ നടന്നു കൊണ്ടിരുന വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. പ്രവീൺചന്ദ്ര മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസം കേരളകൗമുദിയിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മത്സ്യ മേഖലയിൽ നടന്ന അഴിമതിയുടെ നിത്യ സ്മാരകമാണ് ഈ ഫിഷ് ലാൻഡിംഗ് സെന്റർ. കടൽക്ഷോഭത്തിൽ തകർന്ന കെട്ടിടത്തിന്റെ പില്ലറുകൾക്ക് പൂർണമായും ബലക്ഷയം സംഭവിച്ചു. പ്രദേശവാസികളുടെയും അന്നത്തെ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതിയുടെയും ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് ഫിഷ് ലാൻഡിംഗ് സെന്റർ പണി ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയെ തടയുകയും സംഘർഷം ഉണ്ടാകുകയും ചെയ്തിരുന്നു. കെട്ടിടം തകർന്നു വീണ സമയത്ത് വിജിലൻസ് കേസ് എടുക്കുകയും, ഡയറക്ടർ ശ്രീ.ജേക്കബ് തോമസ് സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നെ യാതൊരുവിധ നടപടിയും ഉണ്ടായില്ല. 2011-2016കാലയളവിൽ യു.ഡി.എഫ് സർക്കാർ മത്സ്യ മേഖലയിൽ നടത്തിയ അഴിമതികൾ പുറത്തു കൊണ്ട് വരാന നടപടികൾ സ്വീകരിക്കാനും വിജിലൻസ് കേസ് ശക്തമാക്കണമെന്നും മത്സ്യ തൊഴിലാളികൾക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ കടലിൽ താഴ്ത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.