ആറ്റിങ്ങൽ: കൊവിഡ് വാക്സിനേഷൻ ഓൺലൈൻ രജിസ്ട്രേഷൻ തിരിമറിയുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. കൊട്ടിയോട് സ്വദേശിയെയും ബന്ധുവിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചത്. ഓൺലൈൻ വഴി വാക്സിൻ എടുത്തയാൾ അതിന്റെ രേഖകൾ തിരുത്തി ബന്ധുവിന് വാക്സിൻ എടുക്കാൻ വലിയകുന്ന് ആശുപത്രിയിൽ എത്തിയതായാണ് നിഗമനം. ഇവരിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് കേസെടുത്തത്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. സ്പോട്ട് വാക്സിനേഷന്റെ ദിവസം ഓൺലൈൻ വാക്സിനേഷൻ ഡേറ്റുമായി എത്തിയതാണ് സംശയം ഉണ്ടാക്കിയത്. ഇവരുടെ ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. സൈബർ സെല്ലിൽ നിന്ന് വിവരം ലഭിച്ച് ഇവർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ നോട്ടീസ് നൽകി മേൽനടപടികൾ സ്വീകരിക്കുമെന്ന് എസ്.ഐ രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഓൺലൈൻ വാക്സിനേഷന് കണക്കിൽപ്പെടാത്ത 12 പേർ ആശുപത്രിയിൽ എത്തിയിരുന്നു. ഇതിൽ നിന്ന് വാക്സിനേഷനുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിൽ വൻ തട്ടിപ്പ് നടക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും ആശുപത്രി അധികൃതർ പരാതി നൽകിയിട്ടുണ്ട്.