കല്ലമ്പലം: കല്ലമ്പലം ജംഗ്ഷനിൽ പൊലീസ് നടത്തുന്ന വാഹന പരിശോധന ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി വ്യാപാരികൾ. കല്ലമ്പലം - വർക്കല റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് പൊലീസ് വാഹന പരിശോധന നടത്തുന്നത്. വാഹനങ്ങൾ തടഞ്ഞുനിറുത്തി പരിശോധിക്കുമ്പോൾ പിറകിൽ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്യുന്നുവെന്നാണ് പരാതി. സാധാരണ ഗതിയിൽ കല്ലമ്പലം വർക്കല റോഡിൽ നിന്ന് ദേശീയപാതയിലേയ്ക്ക് കടക്കാനും ദേശീയപാതയിൽ നിന്ന് വർക്കല റോഡിലേയ്ക്ക് പോകാനും കാത്തു നിൽക്കണം. അത്രയ്ക്ക് വാഹനങ്ങളുടെ തിരക്കാണ്. അതിനിടയിൽ പൊലീസ് പരിശോധന കൂടി നടക്കുമ്പോൾ കുരുക്ക് രൂക്ഷമാകുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ പൊലീസ് തിരക്ക് കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ആരെയും ബുദ്ധിമുട്ടിച്ച് വാഹന പരിശോധന നടത്താറില്ലെന്നും കല്ലമ്പലം എസ്.ഐ വി. ഗംഗാപ്രസാദ് അറിയിച്ചു. കല്ലമ്പലം വർക്കല റോഡിലും ദേശീയപാതയിലും മിക്ക കടകളുടെ മുമ്പിലും ധാരാളം വാഹനങ്ങൾ മണിക്കൂറുകളോളം പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ മാറ്റിയാൽ തന്നെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. പൊലീസ് വാഹന പരിശോധന നടത്തുന്നത് കൊണ്ട് യാതൊരു ഗതാഗതക്കുരുക്കും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഉണ്ടാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.