തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കണമെന്ന് മിൽമ ആവശ്യപ്പെട്ടതായി ദൃശ്യ - പത്ര മാദ്ധ്യമങ്ങളിൽ വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ തിരുവനന്തപുരം മേഖലാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ അറിയിച്ചു. പാൽവില നിർണയിക്കുന്നതിനെക്കുറിച്ച് കേരള കോ - ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷന്റെ സമീപകാല യോഗങ്ങളിലൊന്നും ചർച്ച ചെയ്തിട്ടില്ല. മിൽമ തിരുവനന്തപുരം യൂണിയന് ഇത്തരത്തിലുള്ള താല്പര്യങ്ങളുമില്ല. നിലവിലെ സാഹചര്യത്തിൽ പാൽ വില വർദ്ധന അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ ഗുണനിലവാരമുള്ള പാൽ സംസ്ഥാനത്തേക്ക് ഒഴുകുന്നതിന് മാത്രമേ കാരണമാവുകയുള്ളൂ. സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുകയില്ലെന്നു മാത്രമല്ല ഉപഭോക്താക്കൾക്ക് വിലവർദ്ധന ഭാരമായി മാറുകയും ചെയ്യും.
മിൽമ തിരുവനന്തപുരം യൂണിയൻ ഈ സാമ്പത്തിക വർഷത്തിൽ ക്ഷീരസംഘങ്ങൾക്കും കർഷകർക്കുമായി 14 കോടി രൂപയുടെ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഒൗപചാരിക പ്രഖ്യാപനവും കൊവിഡ് ധനസഹായ വിതരണവും 13 ന് ക്ഷീരവികസന വകുപ്പ് മന്ത്രി നിർവഹിക്കുമെന്ന് ഭാസുരാംഗൻ അറിയിച്ചു.