വർക്കല: നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി കൊല്ലം കാവനാട് മീനത്ത്ചേരി കളിയിൽ കിഴക്കതിൽ വീട്ടിൽ ബിനുകൃഷ്ണൻ (28) അറസ്റ്റിലായി. ചെമ്മരുതി മുട്ടപ്പലം കുമിളിറോഡ് കാട്ടിൽ വീട്ടിൽ ഡിലിജന്റ് ബ്ലസിയുടെ രണ്ടരലക്ഷം രൂപ വിലവരുന്ന കാമറയും 75,000 രൂപ വില വരുന്ന രണ്ട് ലെൻസുകളും വാടകയ്ക്ക് എടുത്ത ശേഷം അതുമായി കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്.
ഒ.എൽ.എക്സ് മുഖേനയുള്ള പരസ്യം കണ്ടാണ് പ്രതി ബ്ലസിയെ സമീപിച്ചതും ദിവസവാടകയ്ക്ക് കാമറയും ലെൻസും കൈക്കലാക്കുകയും ചെയ്തത്. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തശേഷം ചെന്നൈയിലേക്ക് കടന്ന പ്രതി ലെൻസുകളും കാമറയും ഒ.എൽ.എക്സ് വഴി അവിടെ വില്പന നടത്തി. അതിനുശേഷം നാട്ടിലെത്തിയ പ്രതിയെ ഓച്ചിറയിൽ നിന്നാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കിളികൊല്ലൂർ ഉൾപ്പെടെ കൊല്ലം ജില്ലയിലെ പല സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാന സ്വഭാവമുളള കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്തു. വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നിർദ്ദേശപ്രകാരം അയിരൂർ ഇൻസ്പെക്ടർ ശ്രീജേഷ് വി.കെ, എസ്.ഐ സജീവ്.ആർ, എ.എസ്.ഐമാരായ സുനിൽകുമാർ, ശ്രീകുമാർ.ബി, പൊലീസുകാരായ സജീവ്.വി, സുജിത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.