voters

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ കമ്മിഷനിലെ കമ്പ്യൂട്ടറിൽ നിന്ന് ചോർത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പരാതിക്കാരനായ ജോയിന്റ് സി.ഇ.ഒ കൃഷ്ണദാസിന്റെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കമ്മിഷന്റെ വെബ്‌സൈറ്റിൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പ് വിവരം ചോർത്തുകയായിരുന്നു.

രഹസ്യമാക്കി വയ്‌ക്കേണ്ട വോട്ടർമാരുടെ വിവരങ്ങളും ചോർന്നു. രഹസ്യ വിവരങ്ങൾ ചോർന്നുവെന്ന പരാതിയിലെ ആരോപണം ജോയിന്റ് സി.ഇ.ഒ മൊഴിയിലും ആവർത്തിച്ചു. കമ്മിഷനിലെ മറ്റു ചില ജീവനക്കാരുടെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെയും അന്വേഷണസംഘം സന്ദർശിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

തിരഞ്ഞെടുപ്പ് കമ്മിഷനിലെ കെൽട്രോണിന്റെ മുറിയിൽ ഉപയോഗിച്ചിരുന്ന നാല് കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌ക്കുകൾ ഐ.ടി വിദഗ്ദ്ധരുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇവ കോടതിയുടെ അനുമതിയോടെ ഫോറൻസിക് സയൻസ് ലാബിൽ പരിശോധനിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെ ലാപ്‌ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർന്നെന്ന ജോയിന്റ് സി.ഇ.ഒയുടെ പരാതി ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.