നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രി കാന്റീൻ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കാന്റിന്റെ പിറകുവശത്തെ വാതിൽ കുത്തിതുറന്ന് അകത്തു കയറി മേശയ്ക്കകത്തു സൂക്ഷിച്ചിരുന്ന 4,500 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ പൂളിമൂട് കിഴക്കുംപുറം മണ്ണാത്തിക്കുഴി പൂത്തൻവീട്ടിൽ ബാബു (45 - കുല ബാബു) വിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7 ന് രാത്രി 9.30 ഓടെയാണ് മോഷണം നടന്നത്. കാന്റീൻ നടത്തിപ്പുകാരൻ അജിത്തിന്റെ പരാതിയിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ആശുപത്രി വളപ്പിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നെടുമങ്ങാട് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മോഷ്ടാവാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.