ecar-

തിരുവനന്തപുരം: ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകളിലേക്ക് സർക്കാർ വാഹനം അനുവദിക്കാൻ ധാരണയായെങ്കിലും അത് സ്കൂട്ടറോ, കാറോ എന്ന കാര്യത്തിൽ തീരുമാനമായില്ല. ഇ-സ്കൂട്ടറാണ് മന്ത്രി നിർദേശിച്ചത്. ഇ- കാറിനെ കുറിച്ചാണ് റവന്യൂ വകുപ്പിന്റെ ആലോചന.

റവന്യൂ മന്ത്രി കെ. രാജൻ വിളിച്ചുചേർത്ത വില്ലേജ് ഓഫീസർമാരുടെ ആദ്യയോഗത്തിൽ ജീവനക്കാർ ഉന്നയിച്ച ഒരാവശ്യം ഒരു സ്കൂട്ടറെങ്കിലും വേണമെന്നായിരുന്നു.ഒരു ഇ-സ്കൂട്ടർ വീതം ഓരോ വില്ലേജ് ഓഫീസിലേക്കും നൽകാമെന്ന് മന്ത്രി അറിയിച്ചു. അതിനുള്ള ആലോചന തുടങ്ങിയപ്പോഴാണ് മൂന്നാേ നാലോ വില്ലേജ് ഓഫീസുകൾക്കായി ഒരു ഇ-കാർ നൽകാമെന്ന ആശയം ഉയർന്നത്. ഓരോ ജില്ലയിലും എത്ര കാർ വേണമെന്ന് ഈ മാസം പന്ത്രണ്ടിനകം ലാന്റ് റവന്യൂ കമ്മിഷണറേറ്റിൽ അറിയിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. കാറായാലും സ്കൂട്ടറായാലും ആസൂത്രണ ബോ‌ർഡ് വഴി പ്ലാൻ ഫണ്ട് പാസ്സാക്കണം.

 യാത്രകൾ

പ്രതിസന്ധിഘട്ടങ്ങളിൽ സർക്കാരിന്റെ പ്രതിനിധിയായി ആദ്യം ജനങ്ങളുടെ മുന്നിലെത്തേണ്ടത് വില്ലേജ് ഓഫീസ് ജീവനക്കാരാണ്.ഭൂമി സംബന്ധമായും സ്വത്ത് സംബന്ധമായും നിരവധി നടപടികൾക്ക് സ്ഥല സന്ദർശനം അനിവാര്യമാണ്. ലൊക്കേഷൻ മാപ്പ്, സ്കെച്ച്, കൈവശാവകാശ സർട്ടിഫിക്കറ്ര്, വരുമാന സർട്ടിഫിക്കറ്ര് എന്നിവയെല്ലാം അങ്ങനെ നൽകുന്നതാണ്. ആവശ്യക്കാർ തന്നെ യാത്രാ സൗകര്യം ഒരുക്കുന്നതാണ് പലപ്പോഴും കണ്ടുവരുന്നത്. അത് പല ആക്ഷേപങ്ങൾക്കും ഇടവരുത്തുന്നുണ്ട്.

വിലയും തുകയും

 വില്ലേജ് ഓഫീസുകൾ- 1600ൽപ്പരം

 സ്കൂട്ടർ വില- 1.25 ലക്ഷം

 മൊത്തം തുക- 20 കോടി

 കാർ വില- 15 ലക്ഷം

 മൂന്നു വില്ലേജ് ഓഫീസിന് ഒന്ന് എന്ന കണക്കിൽ- 500 എണ്ണം

 മൊത്തം തുക- 75 കോടി

‌ വാടകയ്ക്ക് കിട്ടും

കേന്ദ്ര ഗവൺമെന്റിന്റെ എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ് രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നുണ്ട്.

നേട്ടം

 ഇന്ധനച്ചെലവ് ഇല്ല

 അറ്റകുറ്റപ്പണികൾ തീരെയില്ല

ബുദ്ധിമുട്ട്

 കാറിന് ചാർജിംഗ് സ്റ്റേഷൻ വേണം. അത് സജ്ജമാക്കണം.